പുതിയ തെളിവുകള്‍ കിട്ടി; 4 പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി

കൊച്ചി: പോപ്പുലർ ഫ്രണ്ട് കേസിലെ നാല് പ്രതികളെ വീണ്ടും എൻഐഎ കസ്റ്റഡിയിൽ വിട്ടു. പോപ്പുലർ ഫ്രണ്ട് മേഖലാ സെക്രട്ടറി ഷിഹാസ്, സി.ടി സുലൈമാൻ, സൈനുദ്ദീൻ, സാദിഖ് അഹമ്മദ് എന്നിവരെയാണ് കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതി ഈ മാസം 15 വരെ കസ്റ്റഡിയിൽ വിട്ടത്. കേസുമായി ബന്ധപ്പെട്ട് ലഭിച്ച പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നാല് പ്രതികളെയും വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സംഘം കോടതിയെ സമീപിച്ചത്.

പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കേരളത്തിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ 14 പേരെയാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്ത ശേഷം ഇവരെയെല്ലാം ജയിലിലേക്ക് തിരിച്ചയച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറിനെ എൻഐഎ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത രേഖകളും പരിശോധിച്ചു. സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള രേഖകളിൽ വിശദമായ പരിശോധന നടത്തി. ഈ അന്വേഷണത്തിൽ കണ്ടെത്തിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നാല് പ്രതികളെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ എൻഐഎ തീരുമാനിച്ചത്.

അതേസമയം, എൻഐഎ കേസിൽ ജാമ്യം തേടി പോപ്പുലർ ഫ്രണ്ട് നേതാവ് ഇ.അബൂബക്കർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ചോദ്യം ചെയ്യൽ പൂർത്തിയായെന്നും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.