വിശ്വാസത്തോടൊപ്പം ശാസ്ത്രത്തിന്റെയും പാരമ്പര്യം പുനരുജ്ജീവിപ്പിച്ച് പുതിയ ഇന്ത്യ മുന്നോട്ട്; മോദി

ഉജ്ജയിൻ: വിശ്വാസത്തോടൊപ്പം ശാസ്ത്രത്തിന്‍റെയും ഗവേഷണത്തിന്‍റെയും പാരമ്പര്യം പുനരുജ്ജീവിപ്പിച്ചാണ് പുതിയ ഇന്ത്യ മുന്നോട്ടുപോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യയുടെ സമൃദ്ധിയും അറിവും നയിച്ച നഗരമാണ് മധ്യപ്രദേശിലെ ഉജ്ജയിനി. 856 കോടി രൂപയുടെ ‘മഹാകൽ ലോക്’ ഇടനാഴി പദ്ധതിയുടെ ആദ്യ ഘട്ടം മഹാകാലേശ്വർ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

‘മഹാകാൽ ലോകി’ന്‍റെ മഹത്വം വരും തലമുറകൾക്ക് സാംസ്കാരികവും ആത്മീയവുമായ അവബോധം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. “ഹർ ഹർ മഹാദേവ്”, എന്ന് പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. “മഹാദേവന്‍റെ കീഴിൽ ഒന്നും സാധാരണമല്ല, ഉജ്ജയിനിയിൽ എല്ലാം ഉജ്ജ്വലവും അവിസ്മരണീയവും അവിശ്വസനീയവുമാണ്”. പുതിയ ഇന്ത്യ അതിന്‍റെ പുരാതന മൂല്യങ്ങളുമായി മുന്നോട്ട് പോകുമ്പോൾ, വിശ്വാസത്തോടൊപ്പം ശാസ്ത്രത്തിന്‍റെയും ഗവേഷണത്തിന്‍റെയും പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആത്മീയത എല്ലാ കണങ്ങളിലും അടങ്ങിയിരിക്കുന്നു, ഉജ്ജയിനിയുടെ എല്ലാ കോണുകളിലും ദിവ്യ ഊർജ്ജം പ്രസരിപ്പിക്കുന്നു. ആയിരക്കണക്കിനു വർഷങ്ങളായി ഇന്ത്യയുടെ സമൃദ്ധി, വിജ്ഞാനം, അന്തസ്സ്, സാഹിത്യം എന്നിവയെ നയിച്ച നഗരമാണ് ഉജ്ജയിനിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 
കണ്ടുപിടുത്തങ്ങൾ പുതുമകളോടെയാണ് വരുന്നതെന്നും അടിമത്തത്തിന്‍റെ കാലഘട്ടത്തിൽ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് ഇപ്പോൾ പുതുക്കപ്പെടുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ അതിനെ പുനർനിർമ്മിക്കുകയും അതിന്‍റെ പ്രതാപം വീണ്ടെടുക്കുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.