പുതിയ കൂട്ടുകെട്ടുകൾ പരീക്ഷിക്കും; രോഹിത് ശർമ

ദുബായ്: ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങുകയാണ് ടീം ഇന്ത്യ. അതേസമയം, ടീമിനുള്ളിൽ പുതിയ പരീക്ഷണങ്ങൾ തുടരുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ വ്യക്തമാക്കി. പുതിയ ഉത്തരങ്ങൾക്കായുള്ള തിരച്ചിൽ തടസ്സങ്ങൾക്കിടയിലും തുടരുമെന്ന് മത്സരത്തിന് മുമ്പുള്ള ഒരു അഭിമുഖത്തിൽ രോഹിത് ശർമ പറഞ്ഞു.

രോഹിത് ശർമ്മയുടെ വാക്കുകൾ-

“പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ ടീം തീരുമാനിച്ചിട്ടുണ്ട്. ചില പരീക്ഷണങ്ങൾ വിജയിക്കും, ചിലത് പരാജയപ്പെടും. പക്ഷേ ശ്രമിക്കുന്നതു കൊണ്ട് യാതൊരു പ്രശ്നവുമില്ല. പരീക്ഷണങ്ങളിലൂടെ മാത്രമേ പുതിയ ഉത്തരങ്ങൾ ലഭിക്കുകയുള്ളൂ. നിങ്ങൾ ശ്രമിച്ചില്ലെങ്കിൽ ഉത്തരങ്ങളും ലഭിക്കില്ല.

അതുകൊണ്ട് എപ്പോഴൊക്കെ അവസരങ്ങൾ ലഭിക്കുന്നുവോ അപ്പോഴൊക്കെ ഞങ്ങൾ പുതിയ കൂട്ടുകെട്ടുകൾ പരീക്ഷിച്ചുകൊണ്ടേയിരിക്കും. പരീക്ഷണങ്ങൾ നടത്തുമ്പോൾ ഭയപ്പെടേണ്ടതില്ല. അതുവഴി പുതിയ ഉത്തരങ്ങൾ കണ്ടെത്തിക്കൊണ്ടേയിരിക്കും. പുതിയ ബാറ്റിങ് കൂട്ടുകെട്ട്, ബൗളിങ് കൂട്ടുകെട്ട് അങ്ങനെ. കഴിഞ്ഞ 8–10 മാസങ്ങൾക്കിടയിൽ പുതിയ ചില ഉത്തരങ്ങൾ ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പരീക്ഷണങ്ങൾ തുടരും. ലോകകപ്പ് വരുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾ തീരുമാനിക്കും”