പുതിയ നടപടിക്രമം; ലാവലിന്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു

ന്യൂഡല്‍ഹി: കേസുകൾ ലിസ്റ്റ് ചെയ്യുന്നതിനുള്ള പുതിയ നടപടിക്രമം പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ ലാവലിന്‍ ഹർജികൾ സുപ്രീം കോടതി നാളെ പരിഗണിക്കില്ല. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടിക്രമങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ഒക്ടോബർ 20നാണ് ലാവലിന്‍ ഹർജികൾ സുപ്രീം കോടതി അവസാനമായി പരിഗണിച്ചത്. അന്നത്തെ ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് സി.ബി.ഐ.യുടെത് ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ പരിഗണിച്ചത്. ഹർജികൾ ഡിസംബർ ഏഴിന് പരിഗണിക്കാൻ മാറ്റിവയ്ക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

എന്നാൽ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ശേഷം കേസുകളുടെ ലിസ്റ്റിംഗിൽ സമൂലമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ലിസ്റ്റ് ചെയ്യുന്നതിനുള്ള പുതിയ നടപടിക്രമം അനുസരിച്ച്, നോട്ടീസ് അയച്ചതിന് ശേഷം വിശദമായി കേൾക്കേണ്ട കേസുകൾ ബുധൻ, വ്യാഴം ദിവസങ്ങളിൽ ലിസ്റ്റ് ചെയ്യില്ല. ലാവലിൻ ഹർജികൾ വിശദമായി കേൾക്കേണ്ട ഹർജികളുടെ പട്ടികയിലുണ്ടെന്ന് സുപ്രീം കോടതി വൃത്തങ്ങൾ അറിയിച്ചു. അതുകൊണ്ടാണ് നേരത്തെ ഉത്തരവിട്ടിട്ടും ഏഴാം തീയതി പരിഗണിക്കേണ്ട കേസുകളുടെ പട്ടികയിൽ ഉൾപ്പെടുത്താത്തതെന്ന് കോടതി വൃത്തങ്ങൾ അറിയിച്ചു.