പുതിയ പാർട്ടിയുണ്ടാക്കാൻ ശിവസേന വിമതര്‍

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ വിമത എംഎൽഎമാരെ നയിക്കുന്ന ഏക്നാഥ് ഷിൻഡെ പുതിയ പാർട്ടി രൂപീകരിച്ചേക്കും. ‘ശിവസേന ബാലാസാഹേബ് താക്കറെ’ എന്ന പേരിൽ ഷിൻഡെ ഒരു പാർട്ടി രൂപീകരിച്ചേക്കും. നിയമവശം പരിശോധിച്ച ശേഷം വൈകിട്ട് നാല് മണിക്ക് പ്രഖ്യാപനം നടത്തുമെന്ന് വിമതർ അറിയിച്ചു. പ്രശ്ന സാധ്യത കണക്കിലെടുത്ത് മുംബൈയിലും താനെയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ശിവസേനയുടെ 40 എംഎൽഎമാർ ഉൾപ്പെടെ 50 എംഎൽഎമാരുടെ പിന്തുണ ഷിൻഡെയ്ക്കുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, നിയമസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള വിമതരുടെ നീക്കം ഡെപ്യൂട്ടി സ്പീക്കർ തള്ളി. 33 എം.എൽ.എമാരാണ് അവിശ്വാസപ്രമേയത്തിനുള്ള അപേക്ഷയിൽ ഒപ്പിട്ടത്. എന്നാൽ ഇത് സമർപ്പിക്കുന്നതിന് പകരം മറ്റൊരു ഇ-മെയിൽ വഴിയാണ് എംഎൽഎമാർ ആവശ്യം ഉന്നയിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ശിവസേനയുടെ ലെറ്റർഹെഡിലാണ് വിമതർ അപേക്ഷ സമർപ്പിച്ചത്. എന്നാൽ സഭാ രേഖകൾ പ്രകാരം അജയ് ചൗധരിയാണ് ശിവസേനയുടെ നിയമസഭാ കക്ഷി നേതാവ്, ഷിൻഡെയല്ല. ഏക്നാഥ് ഷിൻഡെയെ ശിവസേന പുറത്താക്കിയേക്കും. 16 വിമത എംഎൽഎമാരുടെയും വീടുകൾക്കുള്ള സുരക്ഷ ഉദ്ധവ് സർക്കാർ പിൻവലിച്ചതായി ശനിയാഴ്ച രാവിലെ ഏക്നാഥ് ഷിൻഡെ ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു.