ന്യൂസീലന്‍ഡില്‍ കന്നുകാലികൾക്ക് ‘ഏമ്പക്കനികുതി’ ഏർപ്പെടുത്തും
വെല്ലിങ്ടൺ: കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ കന്നുകാലികൾക്ക് ഏമ്പക്ക നികുതി ചുമത്താൻ ന്യൂസിലൻഡ്. ആഗോളതലത്തിൽ ഹരിതഗൃഹ വാതക ബഹിർഗമനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന കന്നുകാലികൾക്ക് ഏമ്പക്ക നികുതി ഏർപ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇത്തരത്തിൽ നികുതി ചുമത്തുന്ന ലോകത്തിലെ ആദ്യരാജ്യമാണ് ന്യൂസീലൻഡ്. മലിനീകരണം കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുമുള്ള അതുല്യമായ പദ്ധതിയാണിതെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡേൺ പറഞ്ഞു.
മൂത്രമൊഴിക്കുന്നതിലൂടെയും ഏമ്പക്കത്തിലൂടെയും വളർത്തുമൃഗങ്ങൾ ഉത്പാദിപ്പിക്കുന്ന ഹരിതഗൃഹ വാതകങ്ങൾക്ക് നികുതി ചുമത്താൻ ന്യൂസിലാൻഡ് സർക്കാർ തീരുമാനിച്ചു. 2025 ഓടെ പദ്ധതി പ്രാബല്യത്തിൽ വരും. നികുതികളിലൂടെ സമാഹരിക്കുന്ന പണം പുതിയ സാങ്കേതിക വിദ്യകളിലൂടെയും ഗവേഷണങ്ങളിലൂടെയും കർഷകർക്ക് ഇൻസന്റീവുകൾ നൽകുന്നതിലൂടെയും കാർഷിക മേഖലയിലേക്ക് തിരിച്ചുവിടുമെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡേൺ പറഞ്ഞു.
ന്യൂസിലാന്‍റ് കന്നുകാലി ഇറച്ചി കയറ്റുമതി ചെയ്യുന്ന രാജ്യമാണ്. 10 ദശലക്ഷം കന്നുകാലികളും 26 ദശലക്ഷം ആടുകളും രാജ്യത്തുണ്ട്. കൃഷി, കന്നുകാലി വ്യവസായം എന്നിവ രാജ്യത്തെ പ്രധാന തൊഴിൽ മേഖലകളിലൊന്നാണ്. പുതിയ തീരുമാനം ന്യൂസിലാന്‍റിലെ കർഷകർക്കിടയിൽ വ്യാപകമായ എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്. തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡേൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.