രാജ്യത്തെ സിഗരറ്റ് മുക്തമാക്കാൻ ന്യൂസിലാന്‍ഡ്; നിയമം പാസാക്കി

ന്യൂസിലാൻഡിനെ സിഗരറ്റ് മുക്തമാക്കാൻ കടുത്ത നടപടികളുമായി രാജ്യം. 2009ന് ശേഷം ജനിച്ചവർക്ക് സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങളുടെ ലഭ്യത കുറയ്ക്കാനാണ് ന്യൂസിലൻഡ് പ്രവർത്തിക്കുന്നത്. കാലക്രമേണ ന്യൂസിലൻഡിനെ പുകയില മുക്തമാക്കാനാണ് നീക്കം. പുകവലിക്കാനുള്ള പ്രായം വർദ്ധിപ്പിക്കാൻ ന്യൂസിലൻഡ് സർക്കാർ പദ്ധതിയിടുന്നു. പുതിയ നിയമം അനുസരിച്ച്, 50 വർഷത്തിനുശേഷം ഒരു പായ്ക്കറ്റ് സിഗരറ്റ് വാങ്ങാൻ ശ്രമിക്കുന്ന ഒരാൾക്ക് കുറഞ്ഞത് 63 വയസ്സ് പ്രായം തെളിയിക്കുന്ന തിരിച്ചറിയൽ രേഖ ആവശ്യമായി വരും.

എന്നിരുന്നാലും, അതിനുമുമ്പ് പുകവലി ശീലം രാജ്യത്ത് നിന്ന് ഇല്ലാതാകുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്കുകൂട്ടൽ. 2025 ഓടെ ന്യൂസിലാന്‍റ് പുകയില മുക്തമാകുമെന്നാണ് പ്രവചനം. ഒരു ഉൽപ്പന്നം ഉപയോഗിക്കുന്നവരിൽ പകുതിയിലധികം പേരെയും മരണത്തിലേക്ക് തള്ളിവിടുന്ന ഒരു ഉൽപ്പന്നത്തിന്‍റെ വിൽപ്പനയെ പ്രോത്സാഹിപ്പിക്കാൻ ഒരു കാരണവും ഇല്ലെന്ന് ന്യൂസിലൻഡ് ആരോഗ്യ സഹമന്ത്രി ഡോ. ആയിഷ വെരാല്‍ പാർലമെന്‍റിനെ അറിയിച്ചു. പുതിയ നിയമം അനുസരിച്ച് പുകയില ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്ക് കർശന നിയന്ത്രണങ്ങളുണ്ട്. നേരത്തെ 6,000 സിഗരറ്റുകൾ വിറ്റിരുന്ന കമ്പനിക്ക് ഇപ്പോൾ 600 സിഗരറ്റുകൾ മാത്രമേ വിൽക്കാൻ അനുവാദമുള്ളൂ.

ഇതുകൂടാതെ സിഗരറ്റിലെ നിക്കോട്ടിന്‍റെ അളവും കുറയ്ക്കണം. പുകയില ഉപയോഗത്തെ തുടർന്നുള്ള രോഗങ്ങൾ ചികിത്സിക്കാൻ ആരോഗ്യ സംവിധാനങ്ങൾക്ക് വലിയ തുക ചെലവഴിക്കേണ്ടിവരുന്ന രീതിയിലും മാറ്റമുണ്ടാകുമെന്ന് ആയിഷ വെരാൽ വിശദീകരിക്കുന്നു. കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം, അവയവങ്ങൾ മുറിച്ചുമാറ്റൽ എന്നീ ചികിത്സയ്ക്കായി ആരോഗ്യ വകുപ്പിന് വലിയ തുക ചെലവഴിക്കേണ്ടി വരുന്നു. 43നെതിരെ 76 വോട്ടുകൾക്കാണ് ബിൽ പാർലമെന്‍റ് പാസാക്കിയത്.