യുഎസ് ഓപ്പണിൽ ന്യൂജെൻ ഫൈനൽ; ടെന്നിസിന്റെ പുതിയ മുഖം ഇന്നറിയാം

ന്യൂയോർക്ക്: ആർതർ ആഷെ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി നടക്കുന്ന യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ ആര് ജയിച്ചാലും അത് ചരിത്രമാണ്. പുരുഷ ടെന്നീസിൽ പുതിയ ഗ്രാൻഡ്സ്ലാം ചാമ്പ്യൻ ജനിക്കും. ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തിന്‍റെ പുതിയ അവകാശി കൂടിയാകും അദ്ദേഹം. സ്പെയിനിന്‍റെ 19-കാരനായ കാർലോസ് അൽകാരാസും നോർവേയുടെ 23-കാരനായ കാസ്പർ റൂഡും തമ്മിലുള്ള ന്യൂജെൻ ഫൈനൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ന് ആരംഭിക്കും. ഇരുവരും തമ്മിൽ മുൻപ് ഏറ്റുമുട്ടിയ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അൽ കാരാസ് വിജയിച്ചിരുന്നു.

ഉസ്മാൻ ഫ്രാൻസിസ് ടിഫോയെ സെമിയിൽ തോൽപ്പിച്ചാണ് അൽകരാസ് തന്‍റെ കന്നി ഗ്രാൻഡ്സ്ലാം ഫൈനലിലേക്ക് യോഗ്യത നേടിയത്. വാശിയേറിയ പോരാട്ടം 5 സെറ്റ് നീണ്ടുനിന്നു (6-7, 6-3, 6-1, 6-7, 6-3). ടൂർണമെന്‍റിൽ തുടർച്ചയായ മൂന്നാം തവണയാണ് സ്പാനിഷ് താരം അഞ്ച് സെറ്റ് മത്സരം കളിക്കുന്നത്. ഇന്നത്തെ ഫൈനലിൽ വിജയിച്ചാൽ പുരുഷ ടെന്നീസിൽ ലോക ഒന്നാം നമ്പർ സ്ഥാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അദ്ദേഹം മാറും. 2001ൽ ഇരുപതാം വയസ്സിൽ ഒന്നാം സ്ഥാനത്തെത്തിയ ഓസ്ട്രേലിയയുടെ ലെയ്‌ട്ടൻ ഹെവിറ്റിന്റെ പേരിലാണ് ഈ റെക്കോർഡ്.