ഫ്രഞ്ച് ലീഗിലെ ആദ്യ മത്സരത്തിൽ ചുവപ്പ് കാർഡ് കിട്ടി നെയ്‌മർ പുറത്ത്

പാരിസ്: ലോകകപ്പിന് ശേഷം ഫ്രഞ്ച് ലീഗിൽ പി.എസ്.ജിക്ക് വേണ്ടിയുള്ള ആദ്യ മത്സരത്തിൽ ചുവപ്പ് കാർഡ് കിട്ടി നെയ്‌മർ പുറത്ത്. സ്ട്രാസ്ബര്‍ഗിനെതിരായ മത്സരത്തിനിടെയാണ് സംഭവം.

61-ാം മിനിറ്റിൽ സ്ട്രാസ്ബർഗിന്‍റെ അഡ്രിയാൻ തോംസണിന്‍റെ മുഖത്തടിച്ചതിന് നെയ്മറിന് ആദ്യ മഞ്ഞക്കാർഡും ബോക്‌സില്‍ വീഴ്ച അഭിനയിച്ചതിന് തൊട്ടടുത്ത മിനിറ്റിൽ മഞ്ഞ കാർഡും ചുവപ്പ് കാർഡും ലഭിച്ചു. ചുവപ്പ് കാർഡ് കണ്ട് റഫറിയോട് തട്ടിക്കയറിയാണ് നെയ്മർ കളം വിട്ടത്.

അതേസമയം, മത്സരം 2-1ന് പി.എസ്.ജി സ്വന്തമാക്കി. 14-ാം മിനിറ്റിൽ നെയ്മറുടെ പാസിൽ നിന്ന് മാർക്വിനോസ് നേടിയ ഗോൾ പി.എസ്.ജിക്ക് ലീഡ് സമ്മാനിച്ചിരുന്നു. 51-ാം മിനിറ്റിൽ മാർക്വിനോസിന്റെ തന്നെ സെൽഫ് ഗോൾ സ്ട്രാസ്ബർഗിനെ പി.എസ്.ജിയ്ക്ക് ഒപ്പമെത്തിച്ചു. ഇഞ്ചുറി ടൈമിന്‍റെ ആറാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ കിലിയൻ എംബാപ്പെയാണ് പി.എസ്.ജിക്ക് ജയം നേടിക്കൊടുത്തത്.