ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചറിന് ദേശീയപാത അതോറിറ്റിയുടെ വിലക്ക്

തൃശ്ശൂര്‍: പാലിയേക്കരയിൽ ടോൾ പിരിവ് നടത്തുന്ന ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനെ അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ നിന്ന് ദേശീയപാത അതോറിറ്റി വിലക്കി. ദേശീയപാതയില്‍ തട്ടിക്കൂട്ട് അറ്റകുറ്റപ്പണികൾ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ചാലക്കുടി അണ്ടർപാസ് നിർമ്മാണം, സർവീസ് റോഡ് നിർമ്മാണം, റോഡ് അറ്റകുറ്റപ്പണി തുടങ്ങിയ എല്ലാ ജോലികളും മറ്റൊരു കമ്പനിയെ ഏൽപ്പിക്കും. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിന് 25 ശതമാനം പിഴയും ചുമത്തി. ദേശീയപാതയിൽ ഉയർന്ന നിലവാരമുള്ള ടാറിംഗ് ജോലികൾ നടത്താൻ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ(എൻഎച്ച്എഐ) നടപടി സ്വീകരിച്ചിട്ടുണ്ട്.

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ തൃശ്ശൂർ ജില്ലയിൽ 17 ഇടങ്ങളിൽ വലിയ കുഴികൾ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ അറ്റകുറ്റപ്പണി നടക്കുന്ന ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്ക് പകരം സർവീസ് റോഡിന്‍റെയും ദേശീയപാതയുടെയും അറ്റകുറ്റപ്പണികളും റീ ടാറിംഗും നടത്തുന്നതിനായി ഈ മാസം 20ന് മറ്റൊരു കമ്പനിയെ നിയമിക്കും. സെപ്റ്റംബർ 15 നകം ചാലക്കുടി അണ്ടർപാസിന്‍റെ നിർമ്മാണം പുതിയ കമ്പനി ഏറ്റെടുക്കുമെന്ന് ദേശീയപാതയുടെ ഈ ഭാഗത്തിന്‍റെ നിർമ്മാണ ചുമതലയുള്ള പ്രോജക്ട് മാനേജർ അറിയിച്ചു.