സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എൻഐഎ റെയ്ഡ്; നേതാക്കള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം\കൊച്ചി: സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്ഡ്. ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് എൻഐഎ ഉദ്യോഗസ്ഥർ റെയ്ഡിനായി എത്തിയത്. അതിരാവിലെ വരെ റെയ്ഡ് തുടർന്നു. രാവിലെയും പലയിടത്തും റെയ്ഡ് തുടരുകയാണ്. സിആർപിഎഫിന്‍റെ സംരക്ഷണയിലാണ് റെയ്ഡ് നടത്തിയത്. പലയിടത്തും പോപ്പുലർ ഫ്രണ്ടിന്‍റെ പ്രാദേശിക നേതാക്കളും പ്രവർത്തകരും പ്രതിഷേധ പ്രകടനം നടത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് റെയ്ഡ് നടന്നത്.
പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദിന്‍റെ കൊന്നമൂട്ടിലെ വീട്ടിലും അടൂർ പറക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലും റെയ്ഡ് നടന്നു. കണ്ണൂർ താണയിലെ ഓഫീസിലാണ് റെയ്ഡ് നടന്നത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങളെ തൃശൂരിൽ നിന്ന് എൻഐഎ സംഘം കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ പെരുമ്പിലാവ് സ്വദേശിയാണ് യഹിയ തങ്ങൾ. പെരുമ്പിലാവിലെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷമാണ് യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തത്.
കോട്ടയം ജില്ലയിലെ മുണ്ടക്കയം, പെരുവന്താനം എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. ജില്ലാ നേതാക്കൾ ഉൾപ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. മൊബൈൽ ഫോണുകൾ, ടാബുകൾ, ലാപ്ടോപ്പുകൾ എന്നിവ ഇവരുടെ വീടുകളിൽ നിന്ന് പിടിച്ചെടുത്തു.
പോപ്പുലർ ഫ്രണ്ടിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് റെയ്ഡിനെതിരെ പ്രതികരിച്ച് രംഗത്തെത്തി. ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്നാണ് സംഘടനയുടെ ആരോപണം. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വിയോജിപ്പുള്ള ശബ്ദങ്ങളെ നിശബ്ദരാക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്‍റെ നീക്കത്തെ ചെറുക്കണമെന്നും അവർ പറഞ്ഞു.