രാജ്യത്ത് 50 ഇടങ്ങളിൽ എൻഐഎ റെയ്ഡ്

ചണ്ഡീഗഡ്: രാജ്യത്ത് 50 ഇടങ്ങളിൽ എൻഐഎ റെയ്ഡ്. ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ടാണ് പരിശോധന. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരം ഡൽഹി, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ എൻഐഎ പരിശോധന നടത്തുന്നുണ്ട്. സംഘങ്ങൾക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്നും പണം സ്വീകരിക്കുന്ന രീതികളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. സിദ്ദു മൂസവാല കേസ് അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

സിദ്ദു കേസിലെ പ്രതിയായ ലോറൻസ് ബിഷ്ണോയ്, അദ്ദേഹത്തിന്‍റെ എതിരാളിയായ ഗുണ്ടാനേതാവ് ദവീന്ദർ ബാംബിഹ, കൂട്ടാളികൾ എന്നിവർക്കെതിരെ ഡൽഹി പോലീസിന്‍റെ സ്പെഷ്യൽ സെൽ കേസെടുത്തിരുന്നു. യു.എ.പി.എ ചുമത്തിയതിനാലാണ് കേസ് എൻ.ഐ.എ ഏറ്റെടുത്തത്. പഞ്ചാബിലെ 25 ഓളം സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുന്നുണ്ട്. ഡൽഹിയിലെ നജഫ്ഗഡ് മേഖലയിലും തിരച്ചിൽ തുടരുകയാണ്.

സിദ്ദു മൂസ വാല കേസിലെ ഗുണ്ടാസംഘങ്ങൾ പൊതുജനങ്ങളെ ഭയപ്പെടുത്താൻ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രവർത്തനങ്ങൾ തുറന്നുകാട്ടുകയാണെന്ന് എൻഐഎ വൃത്തങ്ങൾ പറയുന്നു. കൊള്ളയടിച്ചും ഭീഷണിപ്പെടുത്തിയുമാണു പ്രതികൾ പണം കണ്ടെത്തുന്നത്. ഈ പണം തീവ്രവാദ പ്രവർത്തനങ്ങൾക്കും യുവാക്കളെ റിക്രൂട്ട് ചെയ്യാനും ഉപയോഗിക്കുന്നുവെന്നും അവർ പറഞ്ഞു.