ലോകചാംപ്യൻ മാഗ്നസ് കാൾസനും ടീമിനുമെതിരെ കേസുമായി നീമാൻ

മിസൗറി (യുഎസ്): ലോകചാംപ്യൻ മാഗ്നസ് കാൾസൻ, പ്ലേ മാഗ്നസ് ഗ്രൂപ്പ്, ചെസ്ഡോട്ട്കോം എക്സിക്യൂട്ടീവ് ഡാനിയൽ റെഞ്ച്, ഗ്രാൻഡ്മാസ്റ്റർ ഹികാരു നകാമുറ എന്നിവർക്കെതിരെ 10 കോടി യുഎസ് ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്ത് യുഎസ് ചെസ് ഗ്രാൻഡ്മാസ്റ്റർ ഹാൻസ് നീമാൻ. മിസൗറി ജില്ലാ കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. ചെസിൽ ചതിച്ചെന്ന് ആരോപിച്ച് പ്രൊഫഷണൽ ചെസ്സിൽ തന്നെ കരിമ്പട്ടികയിൽ പെടുത്താൻ ശ്രമിച്ചുവെന്ന് 19കാരനായ നീമാൻ പറഞ്ഞു.

സെന്‍റ് ലൂയിസ് ക്ലബ് നടത്തുന്ന സ്വിൻക്ഫീൽഡ് കപ്പ് ചെസ്സിന്‍റെ മൂന്നാം റൗണ്ടിൽ നീമാനോട് പരാജയപ്പെട്ടതിനെ തുടർന്ന് കാൾസൺ ടൂർണമെന്‍റിൽ നിന്ന് പിൻമാറിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. വർഷങ്ങൾക്കു മുൻപ് നീമാൻ ഓൺലൈൻ ചെസിൽ കംപ്യൂട്ടറിന്റെ സഹായത്തോടെ കൃത്രിമമായി വിജയം നേടിയിരുന്നെന്നും അത് ആവർത്തിച്ചതാണെന്നും ആരോപണമുണ്ടായി.