ലഹരിമരുന്നു കടത്ത്: നൈജീരിയൻ സ്വദേശിനി അറസ്റ്റിൽ

കൊച്ചി: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനിയായ നൈജീരിയൻ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നൈജീരിയൻ പൗരനായ ഒകാഫോർ എസെ ഇമ്മാനുവലിന്‍റെ കൂട്ടാളിയാണ് യുവതി. പാലാരിവട്ടം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചത്. ബെംഗളൂരുവിൽ നിന്ന് ആറ് മാസത്തിനുള്ളിൽ 4.5 കിലോഗ്രാം എംഡിഎംഎയാണ് സംഘം കേരളത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം.

ഓഗസ്റ്റ് ഏഴിനാണ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് സമീപം നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ നിന്ന് രണ്ട് കവറുകളിലായി 102.04 ഗ്രാം മയക്കുമരുന്നുമായി ഹാറൂൺ സുൽത്താൻ എന്നയാൾ അറസ്റ്റിലായത്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ബംഗളൂരു ആസ്ഥാനമായുള്ള മയക്കുമരുന്ന് മാഫിയ സംഘത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. അലിൻ ജോസഫ്, നിജു പീറ്റർ, അലൻ ടോണി എന്നിവരാണ് അറസ്റ്റിലായത്. ഡൽഹിയിൽ നിന്നും ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ച ഫോർട്ട് കൊച്ചി സ്വദേശി വർഗീസ് ജോസഫ് ഫെർണാണ്ടസും പിന്നീട് അറസ്റ്റിലായിരുന്നു.