രാത്രിയിലെ ഹോസ്റ്റല്‍ പ്രവേശനം; ഉത്തരവ് എല്ലാ മെഡിക്കൽ കോളേജുകള്‍ക്കും ബാധകമെന്ന് ഹൈക്കോടതി

കൊച്ചി: ലിംഗഭേദമന്യേ വിദ്യാർത്ഥികൾക്ക് സർക്കാർ മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ രാത്രി 9.30നു ശേഷം പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പാലിക്കാൻ എല്ലാ മെഡിക്കൽ കോളേജുകൾക്കും ഹൈക്കോടതി നിർദ്ദേശം. കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ നിന്ന് രാത്രി 9.30ന് ശേഷം പെണ്‍കുട്ടികള്‍ പുറത്തിറങ്ങുന്നതിനു വിലക്കേര്‍പ്പെടുത്തിയ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.

രണ്ടാം വർഷം മുതൽ 9.30നു ശേഷം മൂവ്മെന്‍റ് രജിസ്റ്ററിൽ രേഖപ്പെടുത്തി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റലിൽ പ്രവേശിക്കാം. ഒന്നാം വർഷ വിദ്യാർത്ഥികൾ നേരത്തെ തന്നെ എത്തുകയും ചെയ്യണം. രാത്രി 9.30-നുശേഷം അടിയന്തര ആവശ്യമുണ്ടെങ്കില്‍ വാര്‍ഡൻ്റെ അനുമതിയോടെ പുറത്തുപോകാന്‍ അനുവദിക്കുന്നുണ്ടെന്ന് ആരോഗ്യ സര്‍വകലാശാല അറിയിച്ചു.