ശബരിമല കാനനപാതയിലെ രാത്രികാല നിയന്ത്രണങ്ങൾ ഒഴിവാക്കണം; അയ്യപ്പ ധർമ്മസംഘം ഹൈക്കോടതിയിൽ
ന്യൂഡല്‍ഹി: ശബരിമല കാനനപാതയിലെ രാത്രികാല നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അയ്യപ്പ ധർമ്മസംഘം ഹൈക്കോടതിയിൽ ഹർജി നൽകി. നിയന്ത്രണം കാനനക്ഷേത്രങ്ങളുടെ പ്രസക്തി ഇല്ലാതെയാക്കുമെന്നും ഹർജിയിൽ പറയുന്നു. തീർത്ഥാടകരെ 24 മണിക്കൂറും കടത്തിവിടണമെന്നാണ് ആവശ്യം. എന്നാൽ നിയന്ത്രണം തീർത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താനാണെന്നാണ് സർക്കാർ പക്ഷം.
കാനനപാതയിൽ വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം വളരെ കൂടുതലായതുകൊണ്ടും രണ്ട് വർഷമായി പാത അടച്ചിട്ടിരിക്കുന്നതു കൊണ്ടും അപകടമുണ്ടായാൽ രക്ഷാപ്രവർത്തനം ദുഷ്കരമാകുമെന്നും സർക്കാർ അറിയിച്ചു.
വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം ബെഞ്ച് നിർദേശം നൽകി. ജില്ലാ പോലീസ് മേധാവി, വനംവകുപ്പ്, പെരിയാർ ടൈഗർ റിസർവ്വ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരാണ് മറുപടി നൽകേണ്ടത്. തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കും.