ബിഹാറിൽ നിതീഷ് കുമാർ സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു

പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു. നിയമസഭയിൽ നടന്ന ശബ്ദ വോട്ടെടുപ്പിലാണു നിതീഷ് സഖ്യം വിജയിച്ചത്. നിതീഷ് കുമാർ പ്രസംഗിക്കുന്നതിനിടെ ബിജെപി അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ബി.ജെ.പി പ്രതിനിധിയായ സ്പീക്കർ വിജയ് കുമാർ സിൻഹ രാജിവച്ചതിനെ തുടർന്ന് ജെ.ഡി.യുവിന്‍റെ നരേന്ദ്ര നാരായൺ യാദവാണ് വിശ്വാസ വോട്ടെടുപ്പിന് നേതൃത്വം നൽകിയത്. വിജയ് കുമാർ സിൻഹയാണ് നരേന്ദ്ര യാദവിന്‍റെ പേര് നിർദ്ദേശിച്ചത്.

എൻഡിഎ സഖ്യം വിട്ട നിതീഷ് കുമാറിന്റെ ജെഡിയു, ആർജെഡി, കോൺഗ്രസ്, സിപിഐ, സിപിഐ(എംഎൽ), സിപിഎം എന്നിവരുമായി ചേർന്ന മഹാസഖ്യ സർക്കാർ രൂപീകരിച്ചിരുന്നു. 243 അംഗ ബിഹാർ നിയമസഭയിൽ മഹാസഖ്യത്തിന് 160 സീറ്റുകളാണുള്ളത്. ഇത് എട്ടാം തവണയാണ് നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രിയായി അധികാരത്തിലെത്തുന്നത്.