നിതീഷ് രാഷ്ട്രപതി സ്ഥാനാർഥിയായാൽ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ

പട്ന: നിതീഷ് കുമാർ രാഷ്ട്രപതി സ്ഥാനാർത്ഥിയായാൽ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് ബിഹാറിലെ പ്രതിപക്ഷ പാർട്ടികൾ അറിയിച്ചു. നിതീഷ് കുമാർ രാഷ്ട്രപതിയാകാൻ തികച്ചും യോഗ്യനാണെന്ന ജനതാദൾ (യു) മന്ത്രി ശ്രാവൺ കുമാറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ആർജെഡിയും കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ. ബിഹാറിൽ നിന്നുള്ള ഒരാളെ രാഷ്ട്രപതിയാക്കുന്നത് അഭിമാനകരമാണെന്ന് ആർജെഡി വക്താവ് ചിത്തരഞ്ജൻ ഗഗൻ പറഞ്ഞു.

കഴിഞ്ഞ തവണ ബിഹാറിൽ നിന്നുള്ള, കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ മീരാ കുമാറിനെ ആർജെഡി പിന്തുണച്ചിരുന്നുവെന്ന് ഗഗൻ ചൂണ്ടിക്കാട്ടി. മതേതരനായ നിതീഷ് കുമാറായിരിക്കും ഏറ്റവും മികച്ച രാഷ്ട്രപതി സ്ഥാനാർത്ഥിയെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് അജിത് ശർമ പറഞ്ഞു.

ബീഹാറിലെ ജനങ്ങളെ സേവിച്ച നിതീഷ് ഇപ്പോൾ രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി സ്ഥാനം തട്ടിയെടുക്കാൻ ബി.ജെ.പി നിതീഷിനെ വൈസ് പ്രസിഡന്റാക്കാൻ സാധ്യതയുണ്ടെന്ന് സി.പി.ഐ (എം.എൽ) സംസ്ഥാന സെക്രട്ടറി കുനാൽ പറഞ്ഞു.