നിവിന്‍ പോളിയുടെ ‘പടവെട്ട്’ ഒക്ടോബര്‍ 21 ന് തിയേറ്ററുകളിലെത്തും

നിവിൻ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന പടവെട്ട് ഒക്ടോബർ 21ന് റിലീസ് ചെയ്യും. ലിജു കൃഷ്ണ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സ്വന്തം ഗ്രാമത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും അവരുടെ പോരാട്ടത്തിൽ മുന്നിര പോരാളിയായി മാറുകയും ചെയ്യുന്ന ഗ്രാമത്തിലെ ഒരു സാധാരണ മനുഷ്യന്‍റെ വേഷമാണ് ചിത്രത്തിൽ നിവിൻ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

ഇന്ത്യയിലെ ഏറ്റവും പഴയ സംഗീത ലേബലായ സരിഗമയുടെ ഭാഗമായ യൂഡ്ലി ഫിലിംസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ‘പടവെട്ട്’. നേരത്തെ കൊച്ചിയിലെ ഐഎസ്എൽ വേദിയിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. ചിത്രം ഒക്ടോബർ 21ന് തീയേറ്ററുകളിലെത്തും. തന്‍റെ കരിയറിൽ വേറിട്ടൊരു വേഷവുമായാണ് നിവിൻ ഇത്തവണ എത്തുന്നത്.

ജീവിതത്തിൽ പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലാത്ത സാധാരണക്കാരനായ യുവാവ് പിന്നീട്, തന്‍റെ നാടിനും നാട്ടുകാർക്കും വേണ്ടി അഴിമതിക്കും ചൂഷണത്തിനുമെതിരെ പോരാടി നായകനായി മാറുന്ന കഥയാണ് ചിത്രം പറയുന്നത്.