ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ ഭാരത് ജോഡോ യാത്രയില്ല; വിമർശനവുമായി എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ബിജെപി ഭരിക്കുന്ന ഗുജറാത്തിലൂടെയല്ല ഭാരത് ജോഡോ യാത്ര കടന്നുപോകുന്നതെന്ന് സിപിഐ(എം) വിമർശിച്ചു. അങ്ങനെയെങ്കിൽ ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കാനുള്ള യാത്രയുടെ മുദ്രാവാക്യം എങ്ങനെ ലക്ഷ്യത്തിലെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ചോദിച്ചു. ദേശാഭിമാനിയിലെ ലേഖനത്തിലാണ് അദ്ദേഹത്തിന്‍റെ വിമർശനം.

ബിജെപിയുടെ വർഗീയത തടയാൻ കോൺഗ്രസിന് കഴിയുന്നില്ല. ഹിന്ദുത്വ രാഷ്ട്രീയത്തോട് കോൺഗ്രസിന് ശക്തമായ നിലപാടില്ല. അവർക്ക് ഒരു നിലപാടും നയവും ഇല്ലാത്ത അവസ്ഥയിലാണ്, പിന്നെന്ത് ജോഡോ യാത്രയെന്ന് എം.വി ഗോവിന്ദൻ പരിഹസിച്ചു.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കണ്ടെയ്നർ ജാഥയാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് വിമർശിച്ചിരുന്നു. സി.പി.എം കേരളയുടെ ഫേസ്ബുക്ക് പേജിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ഇതര സംസ്ഥാനങ്ങളെ തിരഞ്ഞാണ് ഭാരത് ജോഡോ യാത്രയുടെ പാത തയ്യാറാക്കിയതെന്നും ആർക്കെതിരെയാണ് ഈ കണ്ടെയ്നർ ജാഥ നടത്തുന്നതെന്നും സ്വരാജ് പറഞ്ഞു.