എല്‍ഡിഎഫില്‍ കൂട്ടായ തീരുമാനങ്ങളില്ലെന്ന് പി.സി ചാക്കോ

കൊച്ചി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ ഗ്രൂപ്പിസം ചൂണ്ടിക്കാട്ടിയാണ് പി.സി ചാക്കോ കോൺഗ്രസിൽ നിന്നും രാജിവെച്ചത്. പിന്നീട് ശരദ് പവാറുമായി ചർച്ച നടത്തുകയും എൻസിപിയിൽ ചേരുകയും ചെയ്തു. താമസിയാതെ അദ്ദേഹം എൻസിപിയുടെ സംസ്ഥാന പ്രസിഡന്‍റായി. എൻസിപിയിൽ ചേർന്നതോടെയാണ് പിസി ചാക്കോ എൽഡിഎഫിന്‍റെ ഭാഗമായത്.

ഇപ്പോഴിതാ എൽഡിഎഫിന്‍റെ പ്രവർത്തന ശൈലിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. മുന്നണിയിൽ കൂട്ടായ ചർച്ചയും തീരുമാനവും ഇല്ലെന്നും എല്ലാം തീരുമാനിക്കുന്നത് സി.പി.എമ്മും സി.പി.ഐയും ചർച്ച ചെയ്ത ശേഷമാണ് എന്നും ചാക്കോ പറഞ്ഞു.

“ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ രണ്ടാമൂഴം കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു. കൂട്ടായ നേതൃത്വത്തിന്‍റെ അഭാവം ഇതിന് തടസ്സമായതായി തോന്നുന്നു. ചെറിയ പാർട്ടിയായാലും വലിയ പാർട്ടിയായാലും മുന്നണിയിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ കൂട്ടായ ചർച്ച വേണം. ലോകായുക്തയുടെ സ്പിരിറ്റ് നിലനിർത്തിക്കൊണ്ട് ഒരു അപ്പീൽ ബോഡി രൂപീകരിക്കാമായിരുന്നു. ഇക്കാര്യത്തിൽ ഒരു ചർച്ചയും നടന്നില്ല. സി.പി.എമ്മും സി.പി.ഐയും സംയുക്തമായാണ് എല്ലാം തീരുമാനിക്കുന്നത്. ലോകായുക്ത വിഷയം മുന്നണി ചർച്ച ചെയ്തിട്ടില്ല. രണ്ട് പാർട്ടികൾ മാത്രമാണ് വിഷയം ചർച്ച ചെയ്തതെന്നും” പിസി ചാക്കോ പറഞ്ഞു.