സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിൽ രാത്രിയിൽ പൊലീസിൽ നിന്ന് യുവതി നേരിട്ട അവഗണന വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തലസ്ഥാന ജില്ലയിൽ രാത്രി 10 മണിക്ക് ശേഷം ബൈക്കിൽ പോയ യുവതിയെ ഒരാൾ പിന്തുടർന്നതായി മുഖ്യമന്ത്രി പറഞ്ഞു. തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ യുവതി അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. ഇപ്പോൾ അവിടെ വരാൻ പറ്റിലെന്നായിരുന്നു ലഭിച്ച മറുപടി.

വഴിയെ വന്ന പൊലീസ് ജീപ്പിന് യുവതി കൈകാണിച്ചെങ്കിലും തങ്ങളുടെ സ്റ്റേഷൻ പരിധിക്കുള്ളിലല്ലെന്ന നിലപാടാണ് ഇവർ സ്വീകരിച്ചത്. തുടർന്ന് യുവതിയുടെ ഭർത്താവ് വാഹനവുമായി എത്തി സമീപത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും സർക്കാർ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വർഗീയ ശക്തികളുമായും ഗുണ്ടകളുമായും ബന്ധമുള്ള പൊലീസുകാരുണ്ട്. ബന്ധുക്കളുടെ പേരിൽ ചിലർ ബിസിനസ് നടത്തുന്നതായും സർക്കാരിന് വിവരം ലഭിച്ചിട്ടുണ്ട്. ചില പൊലീസുകാർക്ക് കൃത്യസമയത്ത് സ്റ്റേഷനിൽ പോകാൻ താൽപ്പര്യമില്ല. ഇവരുടെയെല്ലാം വിവരങ്ങൾ സർക്കാരിന്റെ കയ്യിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.