ഉപഭോക്താവ് മദ്യപിച്ച് വാഹനമോടിക്കരുത്, ബാറുടമകൾ ക്യാബ് ഒരുക്കണം: ഗോവയിൽ പുതിയ നിയമം
പനാജി: മദ്യപിച്ച് വാഹനമോടിച്ച് പോകുന്നവരെ ‘നല്ല വഴി’ക്ക് വീട്ടിലെത്തിക്കാൻ മാതൃകാ നിർദേശവുമായി ഗോവൻ ഗതാഗത മന്ത്രി മൗവിൻ ഗോഡീഞ്ഞോ. ബാറിലെത്തി മദ്യപിക്കുന്നവർ സ്വയം വാഹനമോടിച്ചാണു പോകുന്നതെങ്കിൽ അവരെ തടയാനും ഉപഭോക്താവിനു ക്യാബ് സംഘടിപ്പിച്ചു നൽകി വീട്ടിലെത്തിക്കാനുമാണ് ബാറുടമകൾക്കു മന്ത്രിയുടെ നിർദേശം. വീടോ ഹോട്ടലുകളോ എവിടെയായലും ഉപഭോക്താവിനെ സുരക്ഷിതമായി ബാറുടമ ഏർപ്പാടാക്കുന്ന വാഹനത്തിൽ എത്തിക്കണമെന്നാണ് ഗതാഗത മന്ത്രി പറയുന്നത്.
റോഡ് സുരക്ഷാ വാരാഘോഷത്തോട് അനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ ഈ നിർദേശം. ബാറിലെത്തി മദ്യപിക്കുന്ന ഉപഭോക്താവ് സ്വയം വാഹനമോടിച്ച് പോകാതെ നോക്കേണ്ടത് ബാർ ഉടമയുടെ ഉത്തരവാദിത്തമാണ്. ക്യാബുകളിൽ മടങ്ങുന്നവരുടെ വാഹനങ്ങൾ അടുത്ത ദിവസം വന്ന് കൊണ്ടുപോയാൽ മതിയെന്നും മന്ത്രി വ്യക്തമാക്കുന്നു. മദ്യപിച്ച് വാഹമോടിക്കുന്നവർ ഉണ്ടാക്കുന്ന അപകടങ്ങൾ കൂടി വരുന്ന സാഹചര്യത്തിലാണ് ഈ നിർദേശം.
“ആളുകൾ മദ്യപിച്ചിട്ടുണ്ടെങ്കിൽ, ബാറുടമകൾ അവരെ സ്വന്തം വാഹനത്തിൽ പോകാൻ അനുവദിക്കരുത്, പക്ഷേ അവരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ക്യാബ് ക്രമീകരിക്കണം. അവർക്ക് അടുത്ത ദിവസം അവരുടെ വാഹനങ്ങൾ എടുക്കാം. അദ്ദേഹം പറഞ്ഞു. വലിയ തിരക്കുള്ള ബാറുകളും റെസ്റ്റോറന്റുകളുമായി ബന്ധപ്പെടാൻ താൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്. ആരെങ്കിലും മദ്യപിച്ചാൽ, അവരെ ഒരു ക്യാബ് വാടകയ്‌ക്ക് എടുത്ത് വീട്ടിലേക്ക് അയയ്ക്കേണ്ടത് ബാർ ഉടമയുടെ ഉത്തരവാദിത്തമാണ്. അവരെ സ്വന്തം കാർ ഓടിച്ച് അയയ്‌ക്കരുത്. ജനങ്ങളുടെ സുരക്ഷയ്ക്കായി ഗോവയിൽ ഏർപ്പെടുത്തുന്ന പുതിയ നിയമമാണിത്. വളരെ കർശനമായി തന്നെ നിയമം നടപ്പിലാക്കും”,മന്ത്രി പറഞ്ഞു.