പൊലീസിൽ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ വേണ്ട, കര്‍ശന നടപടിയുണ്ടാകും: മുഖ്യമന്ത്രി
കൊല്ലം: പൊലീസ് സേനയിൽ ക്രിമിനൽ സ്വഭാവമുള്ളവർ വേണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലം സി കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടന്ന കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷന്‍റെ സംസ്ഥാന സമ്മേളനത്തിന്‍റെ പൊതുയോഗം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുറ്റാന്വേഷണത്തിന് മെച്ചപ്പെട്ട രീതി സംസ്ഥാനത്ത് നടപ്പാക്കും. ചില ക്രിമിനലുകൾ രക്ഷപ്പെടുന്ന ഒരു സാഹചര്യമുണ്ട്. കേരളത്തിന് പുറത്തുള്ളവരെ അവിടെയെത്തി പിടികൂടുന്ന പ്രക്രിയ വേഗത്തിലാക്കും. രാജ്യത്തിന് മാതൃകയായ ക്രമസമാധാന നിലയുള്ള സംസ്ഥാനമാണ് കേരളം.
വലതുപക്ഷത്തിനാണ് പൊലീസിന്‍റെ നടപടികളെക്കുറിച്ച് ഏറ്റവും കൂടുതൽ ആശങ്കയുള്ളത്. ഇത്തരം ആശങ്കകൾ അസ്ഥാനത്താണെന്ന് ബോധ്യപ്പെട്ട സംഭവങ്ങൾ സമീപകാലത്തുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പെൻഷൻകാർക്ക് ലഭിക്കേണ്ട 4 ഗഡു കുടിശ്ശിക അടിയന്തരമായി അനുവദിക്കണമെന്ന് കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.പി.പി.എ.) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ സ്കീം പുനഃസ്ഥാപിക്കണമെന്നും ആവശ്യമുയർന്നു.