വികസ്വര രാജ്യങ്ങൾക്കുള്ള സഹായധനത്തിൽ തീരുമാനമായില്ല; കാലാവസ്ഥാ ഉച്ചകോടി നീട്ടി

ഷറം അൽ ഷെയ്ഖ്: ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ നടക്കുന്ന സിഒപി 27 കാലാവസ്ഥാ ഉച്ചകോടി നീട്ടി. വെള്ളിയാഴ്ച അവസാനിക്കാനിരുന്ന ഉച്ചകോടി ശനിയാഴ്ചത്തേക്ക് കൂടിയാണ് നീട്ടിയത്. ആഗോളതാപനത്താൽ വലയുന്ന വികസ്വര രാജ്യങ്ങൾക്ക് സഹായം നൽകുന്ന കാര്യത്തിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് ഉച്ചകോടി ഒരു ദിവസത്തേക്ക് കൂടി നീട്ടിയത്.

സമുദ്രനിരപ്പ് ഉയരുന്നതിനാൽ പല ദ്വീപ് രാജ്യങ്ങളും നിലവിൽ ഭീഷണിയിലാണ്. അടുത്തിടെ, പാകിസ്ഥാനിലും നൈജീരിയയിലും, വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങൾ കടക്കെണിയിലായ രാജ്യങ്ങളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത് നാം കണ്ടു. ഈ സാഹചര്യത്തിലാണ് ദുരിതാശ്വാസ നിധി രൂപീകരിക്കണമെന്ന ആവശ്യം ശക്തമായത്.

എന്നിരുന്നാലും, വികസിത രാജ്യങ്ങൾ ഈ വിഷയത്തിൽ സമവായത്തിൽ എത്തിയിട്ടില്ല.
ഏറ്റവും ദരിദ്രമായ രാജ്യങ്ങളെ സഹായിക്കാൻ തയ്യാറാണെന്ന് യൂറോപ്യൻ യൂണിയൻ വ്യാഴാഴ്ച സൂചിപ്പിച്ചിരുന്നു.