ബുദ്ധിമുട്ടേറിയ ചോദ്യം വേണ്ട, അതിജീവിതയുടെ വിസ്താരം ഒറ്റസിറ്റിങ്ങില്‍ പൂര്‍ത്തിയാക്കണം: സുപ്രീം കോടതി 

ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസുകളിലെ വിചാരണ അതിജീവിതയ്ക്ക് ദോഷകരമാകരുതെന്ന് സുപ്രീം കോടതി. ക്രോസ് വിസ്താരം കഴിയുന്നത്ര ഒറ്റ സിറ്റിംഗിൽ പൂർത്തിയാക്കണം. വിചാരണ നടപടികൾ മാന്യമായി നടത്തണമെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ജെ ബി പര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

പീഡനത്തിന്റെ ആഘാതത്തിലാണ് അതിജീവിതയെന്ന വസ്തുത വിചാരണ കോടതി കണക്കിലെടുക്കണം. രഹസ്യ വിചാരണയാണ് നടക്കുന്നതെന്ന് കോടതി ഉറപ്പ് വരുത്തണം. മൊഴി നല്‍കുമ്പോള്‍ പ്രതിയെ കാണാതെയിരിക്കാന്‍ വിചാരണക്കോടതി നടപടി സ്വീകരിക്കണം. ഇതിനായി ഒരു സ്ക്രീൻ സ്ഥാപിക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു. അത് സാധ്യമല്ലെങ്കിൽ, അതിജീവിത മൊഴി നൽകുമ്പോൾ കോടതി മുറിക്ക് പുറത്ത് നിൽക്കാൻ പ്രതിയോട് നിർദ്ദേശിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

വിചാരണ വേളയിൽ പീഡനത്തെക്കുറിച്ച് ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കണം. ലജ്ജാകരവും അനുചിതവുമായ ചോദ്യങ്ങൾ ഒഴിവാക്കണമെന്നും കോടതി നിർദ്ദേശിച്ചു.