വൈദ്യുതിയില്ല, കുടിവെള്ളമില്ല; സ്തംഭിച്ച് ബെംഗളൂരു നഗരം

ബെംഗളൂരു: പ്രളയം എത്തിയതോടെ ബെംഗളൂരു നഗരം പൂർണമായും സ്തംഭിച്ച നിലയിൽ. കനത്ത മഴയെ തുടർന്ന് നഗരത്തിലെ സാധാരണ ജീവിതം താറുമാറായി. ഗതാഗതം, വൈദ്യുതി, കുടിവെള്ളം, അങ്ങനെ അത്യാവശ്യ കാര്യങ്ങളെല്ലാം പ്രതിസന്ധിയിലാണ്. അപകടം ഭയന്ന് ഐടി ജീവനക്കാർ സ്വന്തം വാഹനങ്ങൾ ഉപേക്ഷിച്ച് ട്രാക്ടറിൽ കയറിയാണ് ജോലിക്ക് പോകുന്നത്. മഴയുടെ പേരിൽ കൂടുതൽ ദിവസം അവധിയെടുക്കാൻ കഴിയില്ലെന്നും അത് തങ്ങളുടെ ജോലിയെ ബാധിക്കുമെന്നും ഐടി ജീവനക്കാർ വ്യക്തമാക്കി. ട്രാക്ടർ യാത്രയ്ക്ക് 50 രൂപയാണ് ഈടാക്കുന്നത്. ടെക്കികളുടെ ട്രാക്ടർ സവാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം, നഗരത്തിലെ വെള്ളം വറ്റിക്കുന്നതിനും മറ്റ് പ്രവർത്തനങ്ങൾക്കുമായി 1,800 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. മാണ്ഡ്യയിലെ പമ്പ് ഹൗസിൽ വെള്ളം കയറിയതിനെ തുടർന്ന് ചില പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടു. പമ്പ്ഹൗസ് വൃത്തിയാക്കുകയാണെന്നും 8,000 കുഴൽക്കിണറുകളിലെ വെള്ളം ദുരിതബാധിത പ്രദേശങ്ങളിൽ എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുഴൽക്കിണറുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തിൽ 430 വീടുകൾ പൂർണമായും 2,188 വീടുകൾ ഭാഗികമായും തകർന്നു. 225 കിലോമീറ്റർ റോഡുകൾ, പാലങ്ങൾ, കലുങ്കുകൾ, വൈദ്യുത തൂണുകൾ എന്നിവയും തകർന്നതായി മുഖ്യമന്ത്രി അറിയിച്ചു.