തീര്‍ത്ഥാടക വാഹനങ്ങളില്‍ അമിത അലങ്കാരം വേണ്ടെന്ന് ഹൈക്കോടതി
എറണാകുളം: ശബരിമല തീർത്ഥാടകരെ കൊണ്ട് പോകുന്ന വാഹനങ്ങൾ ഗതാഗത നിയമത്തിലെ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കരുതെന്ന് കേരള ഹൈക്കോടതി കർശനമായി നിർദ്ദേശിച്ചു. തീർത്ഥാടകരുടെ വാഹനങ്ങളിലെ വലിയ തോതിലുള്ള അലങ്കാരം നിരോധിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
ചിറയൻകീഴ് ഡിപ്പോയിൽ നിന്ന് തീർത്ഥാടകരുമായി വന്ന കെ.എസ്.ആർ.ടി.സി ബസ് വൻതോതിൽ അലങ്കരിച്ചതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഹൈക്കോടതി അടിയന്തരമായി വിഷയം പരിഗണിച്ചത്. ബസിന്‍റെ ചിത്രങ്ങളും കോടതി പരിശോധിച്ചു.
ശബരിമല തീർത്ഥാടകരുമായി വന്ന ബസ് ളാഹയിൽ അപകടത്തിൽപ്പെട്ട പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടൽ. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി.ജി അജിത് കുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിച്ചത്. വാഹനങ്ങൾ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ റോഡ് സുരക്ഷാ കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്നും കോടതി പറഞ്ഞു.