ഹിന്ദി വേണ്ട; കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം, തമിഴ്നാട്ടില്‍ കർഷകനേതാവ് തീകൊളുത്തി മരിച്ചു

ചെന്നൈ: പാഠ്യപദ്ധതിയിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ ഒരു കർഷകൻ സ്വയം തീകൊളുത്തി മരിച്ചു. സേലം സ്വദേശിയായ തങ്കവേൽ (85) ആണ് തീകൊളുത്തിയത്. തലൈയൂരിലെ ഡി.എം.കെ പാർട്ടി ഓഫീസിന് മുന്നിലാണ് സംഭവം. ഡിഎംകെയുടെ കർഷക സംഘടനയുടെ മുൻ നേതാവായിരുന്നു തങ്കവേൽ.

രാവിലെ 11 മണിയോടെ ഓഫീസിന് മുന്നിൽ വച്ച് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പാഠ്യപദ്ധതിയിൽ ഹിന്ദി ഉൾപ്പെടുത്താനുള്ള കേന്ദ്രത്തിന്‍റെ നീക്കം തങ്കവേലിനെ തളർത്തിയിരുന്നു.

സ്വയം തീകൊളുത്തുന്നതിനുമുമ്പ് തങ്കവേൽ ഹിന്ദി ഭാഷയ്ക്കെതിരെ ഒരു ബാനർ എഴുതിയിരുന്നു. തനിക്ക് ഹിന്ദി ഇഷ്ടമല്ലെന്നും അതൊരു കോമാളി ഭാഷയാണെന്നും അദ്ദേഹം ബാനറിൽ എഴുതി. ‘മോദി-കേന്ദ്ര സർക്കാരുകളെ, ഞങ്ങൾക്ക് ഹിന്ദി വേണ്ട. ഞങ്ങളുടെ മാതൃഭാഷ തമിഴാണ്. ഹിന്ദി ഒരു കോമാളി ഭാഷയാണ്. ഹിന്ദി അടിച്ചേൽപ്പിക്കുന്നത് വിദ്യാർത്ഥി ജീവിതത്തെ ബാധിക്കും. ഹിന്ദിയെ അകറ്റൂ, ഹിന്ദിയെ അകറ്റൂ, ഹിന്ദിയെ അകറ്റൂ’, അദ്ദേഹം ബാനറിൽ എഴുതി.