ഒരു നേതാവും രക്തസാക്ഷിയായി കണ്ടിട്ടില്ല: രക്തസാക്ഷികളാവുന്നത് അണികളെന്ന് അനൂപ് മേനോൻ

രാഷ്ട്രീയ നേതാക്കൾ പരസ്പരം സൗഹൃദത്തിലാണെന്നും അണികളെയാണ് ഭിന്നിപ്പിക്കുന്നതെന്നും അവരാണ് രക്തസാക്ഷികളാകുന്നതെന്നും നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ. ഒരു നേതാവിനെയും രക്തസാക്ഷിയായി കണ്ടിട്ടില്ലെന്നും അനൂപ് മേനോൻ പറഞ്ഞു. തന്‍റെ പുതിയ ചിത്രമായ വരാലിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. രാഷ്ട്രീയവും മതവും കൂട്ടിക്കുഴയ്ക്കേണ്ട ആവശ്യമുണ്ടോ എന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

“രാഷ്ട്രീയവുമായി എന്നല്ല, മതത്തെ ഒന്നിനോടും കൂട്ടിക്കുഴയ്ക്കേണ്ട ആവശ്യമില്ല. അത് വ്യക്തിപരമായ വിശ്വാസമാണ്. മറ്റുള്ളവരുടെ മതത്തെയും വിശ്വാസത്തെയും ബഹുമാനിക്കുക എന്നതാണ് ഏറ്റവും ശരിയായ കാര്യം എന്നാണ് എനിക്ക് തോന്നുന്നത്. മതത്തെ രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്നത് രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ് എന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്.

പല രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ പരസ്പരം നല്ല ബന്ധത്തിലാണ്. അണികളെയാണ് ഭിന്നിപ്പിക്കുന്നത്. അവരാണ് രക്തസാക്ഷികളായി മാറുന്നത്. ഒരു നേതാവിനെയും രക്തസാക്ഷിയായി കണ്ടിട്ടില്ല”, അനൂപ്‌ മേനോൻ പറഞ്ഞു.