‘ബിജെപി എന്തൊക്കെ ചെയ്താലും 2024 ൽ അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രിയാകും’

ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാർട്ടി നേതാവും ഡൽഹി പരിസ്ഥിതി മന്ത്രിയുമായ ഗോപാൽ റായ്. ബിജെപി എത്ര ശ്രമിച്ചാലും 2024 ൽ അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രിയാകുമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച നടന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു റായ്.

ഞങ്ങളുടെ എല്ലാ മന്ത്രിമാരെയും എംഎൽഎമാരെയും അറസ്റ്റ് ചെയ്യാൻ ബിജെപിക്ക് കഴിഞ്ഞേക്കും. എന്നാൽ 2024 ൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മാത്രമേ ഇന്ത്യയുടെ പ്രധാനമന്ത്രിയാകൂ. ബി.ജെ.പി അദ്ദേഹവുമായും ആം ആദ്മി പാർട്ടിയുമായും എത്രത്തോളം പോരാടുന്നുവോ അത്രത്തോളം അവർ അവരുടെ കുഴി തോണ്ടുകയാണ്. ഞങ്ങൾ എം എൽ എമാരായി ഇവിടെ ഇല്ലെങ്കിലും ഇനി ആം ആദ്മിയുടെ സർക്കാർ തന്നെ ദില്ലിയിൽ ഇല്ലെങ്കിലും ഞങ്ങൾ രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടർന്ന് കൊണ്ടേയിരിക്കും. രാജ്യത്തിന് വേണ്ടി മരിക്കുമെന്ന് വരെ ഞങ്ങൾ പ്രതിജ്ഞയെടുക്കും.

കഴിഞ്ഞ ഏഴ് ദിവസങ്ങളിൽ, ബിജെപി നേതാക്കളുടെ എല്ലാ നുണകളും ഗിമ്മിക്കുകളും ഞങ്ങൾ തുറന്നുകാട്ടി. കൂടുതൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ ബി.ജെ.പി എം.എൽ.എമാർ പരാജയപ്പെട്ടപ്പോൾ, വസ്തുതകൾ മറച്ചുവെക്കുകയല്ലാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് മറ്റ് മാർഗമില്ലായിരുന്നു. ഇത് സഭയുടേയും ഡൽഹി സർക്കാരിന്റെയും വലിയ വിജയമാണ്, റായ് പറഞ്ഞു.

ഡൽഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ എല്ലാ ശക്തിയും ഉപയോഗിച്ച് പ്രചാരണം നടത്തുകയല്ലാതെ അവർക്ക് മറ്റൊരു ജോലിയുമില്ല. സിസോദിയയ്ക്കെതിരായ സിബിഐ അന്വേഷണത്തോടെ ആംആദ്മി പാർട്ടി തങ്ങൾക്ക് മുന്നിൽ തലകുനിക്കുമെന്നാണ് അവർ കരുതിയത്. എന്നാൽ തൊട്ടടുത്ത ദിവസം അദ്ദേഹം അവരുടെ തട്ടകത്തിൽ പോയി പാറ പോലെ ഉറച്ച് നിന്നപ്പോൾ തന്നെ അവരുടെ മോഹങ്ങളെല്ലാം തകർന്ന് പോയി. നിശബ്ദനാക്കാനായി നിസാര കേസുകളില്‍ കുരുക്കിലാക്കാൻ അവർ ശ്രമിച്ചു. അദ്ദേഹം തളർന്നില്ല. ഒരു സിംഹത്തെ പോലെ അദ്ദേഹം തിരിച്ച് ഗർജ്ജിക്കുകയാണ് ചെയ്തതത്, ഗോപാൽ റായ് കൂട്ടിച്ചേർത്തു.