സംസ്ഥാനത്ത് സ്‌കൂളുകളുടെ പേരില്‍ ബോയ്‌സും ഗേള്‍സും ഇനിയില്ല

തിരുവനന്തപുരം: ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചു പഠിക്കുന്ന സ്കൂളുകളുടെ പേരിൽ ഇനി ബോയ്സ്, ഗേൾസ് എന്ന് ഉണ്ടാവില്ല. സംസ്ഥാനത്തെ ജനറൽ സ്കൂളുകളുടെ പേരിൽ നിന്ന് ആൺ, പെൺ വ്യത്യാസം ഒഴിവാക്കാൻ നിർദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്.

ഇത് സംബന്ധിച്ച് വന്ന ബാലാവകാശ കമ്മിഷന്റെ ഉത്തരവിനെ തുടർന്നാണ് ഇപ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ജെൻഡർ വ്യത്യാസമില്ലാതെ കുട്ടികൾക്കു പ്രവേശനം അനുവദിക്കുന്ന പല സ്കൂളുകളുടെ പേരിൽ ബോയ്സ്, അല്ലെങ്കിൽ ഗേൾസ് എന്ന് ഉണ്ട്. ഇത് അവിടെ പഠിക്കുന്ന കുട്ടികൾക്കു വിഷമം ഉണ്ടാക്കുന്നുവെന്നും നിരീക്ഷിച്ചാണ് ബാലാവകാശ കമ്മിഷന്റെ ഉത്തരവ് വന്നത്.

വിദ്യാഭ്യാസ ഓഫിസറുടെ അനുമതിയോടെ ഇത്തരം സ്കൂളുകൾ പേര് പരിഷ്കരിക്കണം. സ്കൂളിന്റെ എല്ലാ ഔദ്യോഗിക രേഖകളിലും ബോർഡിലും അതനുസരിച്ച് തിരുത്തൽ വരുത്തണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.