അനുവദിക്കപ്പെട്ടതിൽ കൂടുതൽ ആളുകളെ നിയമിച്ചിട്ടില്ല; വിശദീകരണവുമായി രാജ്ഭവൻ

തിരുവനന്തപുരം: 20 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അയച്ച കത്ത് സംബന്ധിച്ച് വിശദീകരണവുമായി രാജ്ഭവൻ. അനുവദിക്കപ്പെട്ടതിൽ കൂടുതൽ ആളുകളെ പേർസണൽ സ്റ്റാഫിൽ നിയമിച്ചിട്ടില്ലെന്ന് രാജ്ഭവൻ വ്യക്തമാക്കി.

10 വർഷം പൂർത്തിയാക്കിയവരെ സ്ഥിരപ്പെടുത്തുന്നത് സർക്കാർ നയമാണ്. അതുകൊണ്ടാണ് സ്ഥിരപ്പെടുത്താൻ ആവശ്യപ്പെട്ടത്. ഗവർണറുടെ സ്റ്റാഫുകൾക്ക് പെൻഷനില്ല. ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്താൻ പുതിയ തസ്തിക സൃഷ്ടിച്ചില്ലെന്നും രാജ്ഭവൻ വ്യക്തമാക്കി.

അഞ്ച് വർഷത്തിൽ താഴെ മാത്രം സേവനമുള്ളവരെ സ്ഥിരപ്പെടുത്തണമെന്നായിരുന്നു രാജ്ഭവൻ ആവശ്യപ്പെട്ടത്. സ്ഥിരപ്പെടുത്താൻ ആവശ്യപ്പെട്ട 20 പേർക്കും അഞ്ചുവർഷത്തിൽ താഴെയായിരുന്നു പ്രവൃത്തന പരിചയം. 2020 ഡിസംബറിലാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചിരുന്നു.

ഇഷ്ടപ്പെട്ടവരെ സ്ഥിരപ്പെടുത്താൻ ശുപാർശകത്ത് നൽകിയ ഗവർണറുടെ നടപടിയിൽ രാഷ്ട്രപതി ഇടപെടണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. ഗവർണർ ജനങ്ങളോട് മാപ്പ് പറയണമെന്നും ഭരണഘടനാ വിരുദ്ധമായ നടപടിയില്‍ സമഗ്രാന്വേഷണം നടത്തണമെന്നും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഷിജു ഖാൻ ആവശ്യപ്പെട്ടു. 20 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാവശ്യപ്പെട്ട് ഗവർണർ നൽകിയ ശുപാശ കത്ത് പുറത്തുവന്നതിന് പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ രാജ്ഭവൻ മാർച്ചിൽ സംസാരിക്കുകയായിരുന്നു ഷിജു ഖാൻ.