റേഷൻ കടയുടമകൾ പണിമുടക്കേണ്ട സാഹചര്യമില്ലെന്ന് ധനമന്ത്രി

പാലക്കാട്: റേഷൻ പണിമുടക്ക് ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. റേഷൻ കടയുടമകൾ പണിമുടക്കുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടാകില്ല. റേഷൻ കടയുടമകൾക്ക് നൽകേണ്ട മുഴുവൻ കമ്മീഷനും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റിൽ വകയിരുത്തിയ തുകയുടെ 98 ശതമാനവും ഇതിനകം നൽകിക്കഴിഞ്ഞു. റേഷൻ കടയുടമകൾക്ക് വിവിധ ഘട്ടങ്ങളിലായി അധിക തുക നൽകേണ്ടി വന്നു. അതുകൊണ്ടാണ് ഒരു ചെറിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായത്. കട അടച്ചിടേണ്ട സാഹചര്യം എന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം വ്യാപാരി സംയുക്ത സമരസമിതി സമരത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഒക്ടോബറിലെ കമ്മീഷൻ തുക 49 ശതമാനം മാത്രം നൽകിയാൽ മതിയെന്ന ഉത്തരവ് റേഷൻ കടയുടമകളെ പ്രതിസന്ധിയിലാക്കുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്യുമെന്നും അതിനാൽ ഉത്തരവ് പിൻവലിക്കണമെന്നുമാണ് ആവശ്യം. അല്ലാത്ത പക്ഷം ശനിയാഴ്ച മുതൽ റേഷൻ കടകൾ അടച്ച് അനിശ്ചിതകാല സമരം ആരംഭിക്കുമെന്നാണ് മുന്നറിയിപ്പ്.