‘പിറന്നാളോഘോഷം വേണ്ട’; യുവാക്കളുടെ വേദനയ്ക്കൊപ്പമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി : കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ 52ആം ജന്മദിനമാണിന്ന്. യുവാക്കൾ വേദനയിലാണെന്നും ഈ സമയത്ത് അവർക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പം നിൽക്കണമെന്നും പറഞ്ഞുകൊണ്ട് തന്റെ ജന്മദിനം ആഘോഷിക്കരുതെന്ന് രാഹുൽ ഗാന്ധി പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകി. കേന്ദ്രസർക്കാരിന്റെ സൈനിക പദ്ധതിയായ അഗ്നിപഥിനെതിരെ പ്രതിഷേധിക്കുന്ന യുവാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് തീരുമാനം.

രാജ്യത്തെ യുവാക്കൾ വേദനിക്കുന്ന സമയത്ത് ജന്മദിനാഘോഷം നടത്തരുതെന്ന് രാഹുൽ നിർദ്ദേശിച്ചു. “യുവാക്കൾ വേദനയിലാണ്. ഈ സമയത്ത് അവർക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പം നിൽക്കുക,” രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന യുവാക്കൾക്ക് പിന്തുണയുമായി കോൺഗ്രസ്‌ ഇന്ന് പ്രതിഷേധം നടത്തും. ഡൽഹിയിൽ എഐസിസി സത്യാഗ്രഹം നടത്തുകയാണ്. രാവിലെ 11നു ജന്തർമന്തറിൽ സത്യാഗ്രഹം നടക്കും. എംപിമാരും പ്രവർത്തക സമിതി അംഗങ്ങളും സമരത്തിൽ പങ്കെടുക്കും. മുന്‍ സൈനിക ഉദ്യോഗസ്ഥരടക്കമുള്ളവരുമായി ചര്‍ച്ച ചെയ്ത ശേഷമേ പദ്ധതി നടപ്പാക്കാവൂ എന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.