കൊവിഡ് ഇടപാടിൽ ലോകായുക്തയുടെ നടപടിക്ക് അമിത പ്രധാന്യം നല്‍കേണ്ടതില്ല: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് ഇടപാടിൽ ലോകായുക്ത നോട്ടീസിന് അമിത പ്രാധാന്യം നൽകേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി. ലോകായുക്തയുടെ മുമ്പാകെ ഒരു പരാതി വന്നാൽ നോട്ടീസ് അയയ്ക്കുന്നത് സ്വാഭാവിക നടപടിയാണ്. അതിനപ്പുറത്തേക്ക് വ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്നും ലോകായുക്ത നടപടിക്ക് അമിത പ്രാധാന്യം നൽകരുതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. വിദേശയാത്രയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ കൊവിഡ് പര്‍ചേസ് തട്ടിപ്പിൽ ലോകായുക്ത ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉൾപ്പെടെയുള്ളവർക്കെതിരായ കേസാണ് ലോകായുക്ത അന്വേഷിക്കുന്നത്. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ലോകായുക്ത നടപടി സ്വീകരിച്ചത്.

അതേസമയം കൊവിഡ് പർച്ചേസില്‍ അഴിമതിയില്ലെന്നും എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ആവർത്തിച്ചു. അടിയന്തര സാഹചര്യത്തിലാണ് ആദ്യഘട്ടത്തിൽ പാർചേസ് നടത്തിയത്. അക്കാലത്ത്, ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നതായിരുന്നു ആദ്യ മുൻഗണന. ഇത് ഇപ്പോഴും പ്രതിപക്ഷം അഴിമതിയുടെ പേരിൽ ആരോപിക്കുകയാണ്. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചതിന് എന്ത് ശിക്ഷയും നേരിടാൻ തയ്യാറാണെന്നും ശൈലജ പറഞ്ഞു.