കേരളത്തിലെ ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ല: എം വി ഗോവിന്ദൻ
കൊച്ചി: കേരളത്തിലെ ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ. കേരളത്തിലെ ഇടതുമുന്നണി ഒരു രാഷ്ട്രീയ സഖ്യമാണ്. ഏതെങ്കിലും പ്രസ്താവനയിലോ സാഹചര്യത്തിലോ വരുന്ന മുന്നണിയല്ല ഇത്. ആ രാഷ്ട്രീയ മുന്നണിയിലേക്ക് ആരെയെങ്കിലും ക്ഷണിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല. അതല്ല ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നത്തെ കേരള രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎഫിലെ തന്നെ കോൺഗ്രസ് എടുക്കുന്ന നിലപാടുകളിൽ നിന്ന് വ്യത്യസ്തമാണ് മുസ്ലിം ലീഗ് സ്വീകരിക്കുന്ന നിലപാട്. കോൺഗ്രസിനെ ശരിയായ ദിശയിലേക്ക് നയിക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചത്. അതാണ് ചൂണ്ടിക്കാണിച്ചത്. സമീപകാലത്ത് മുസ്ലിം ലീഗ് സ്വീകരിച്ച ചില സുപ്രധാന നിലപാടുകൾ മതേതരത്വത്തിന് അനുകൂലമാണ്. ഗവർണറുടെ കാവിവൽക്കരണ നിലപാടിലായാലും വിഴിഞ്ഞം സമരത്തെ വർഗീയവത്കരിച്ച നിലപാടിലായാലും മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് ലീഗ് സ്വീകരിച്ചത്.
വർഗീയതയ്ക്കെതിരെ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരു വലിയ മൂവ്മെന്റ് ശക്തിപ്പെടുത്തണമെന്നാണ് പാർട്ടി നിലപാട്. വർഗീയതയെ എതിർക്കുന്ന എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളും തമ്മിലുള്ള പൊതുവായ സമവായം എന്നതാണ് ഉദ്ദേശിക്കുന്നത്. ആ സമരത്തിൽ യോജിക്കാൻ കഴിയുന്ന എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളെയും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടാൻ തയ്യാറുള്ള എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളെയും ഉൾക്കൊള്ളുന്ന വിശാലമായ ഇടതുപക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുക എന്നതാണ് ആശയമെന്നും ഗോവിന്ദൻ പറഞ്ഞു.