ചീറ്റകളെ കാണാൻ ഇപ്പൊൾ ആരെയും അനുവദിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കുനോ: ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ കുനോ ദോശീയോദ്യാനത്തിലെത്തിച്ച ചീറ്റകളെ കാണാൻ ആരെയും അനുവദിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീറ്റകളുടെ സുരക്ഷ കണക്കിലെടുത്ത് രാഷ്ട്രീയക്കാരെയോ പത്രപ്രവർത്തകരെയോ ചീറ്റകൾ ഇണങ്ങുന്നത് വരെ പ്രവേശിപ്പിക്കരുതെന്ന് ചീറ്റകളുടെ വോളന്റിയർമാർക്ക് പ്രധാനമന്ത്രി നിർദേശം നൽകി. ‘എന്നെപ്പോലുള്ള നേതാക്കളെ നിങ്ങൾ തടയണം. ഇനി ഞാന്‍ വന്നാല്‍പ്പോലും അകത്തേക്ക് കടത്തിവിടില്ലെന്ന് പറയണം. എന്‍റെ പേരിൽ വരുന്ന ബന്ധുക്കളെ പോലും അകത്തേക്ക് പ്രവേശിപ്പിക്കരുത്. അകത്തേക്ക് കടക്കാൻ ശ്രമിക്കുന്ന മാധ്യമപ്രവർത്തകരെയും തടയണം. പൊതുജനങ്ങൾക്ക് ചീറ്റകളെ കാണാൻ അനുവദിക്കുന്നതുവരെ, ഇവിടെ വരുന്ന ആർക്കും പ്രവേശിക്കാൻ കഴിയില്ലെന്ന് തീര്‍ത്തുപറണം’ ചീറ്റകളുടെ സുരക്ഷയ്ക്കായി വിന്യസിച്ച ‘ചീറ്റ മിത്ര’ വോളന്റിയര്‍മാരോട് മോദി പറഞ്ഞു. മൃഗങ്ങൾ മനുഷ്യർക്ക് ഭീഷണിയാണെന്ന് കരുതുന്നുണ്ടോ എന്ന മോദിയുടെ ചോദ്യത്തിന് മനുഷ്യർ മൃഗങ്ങൾക്ക് ഭീഷണിയാണെന്നായിരുന്നു വോളന്റിയര്‍മാരുടെ മറുപടി. അതിനാൽ, മൃഗങ്ങളെയല്ല മറിച്ച് മനുഷ്യരെയാണ് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കേണ്ടെന്നും മോദി പറഞ്ഞു. ചീറ്റകളെ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെത്തുറിച്ച് വോളന്റിയര്‍മാരെ ഓർമിപ്പിച്ച മോദി, താൻ മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഗിർ സിംഹങ്ങളെ സംരക്ഷിച്ചതിന്‍റെ അനുഭവങ്ങളും അവരോട് വിവരിച്ചു.