പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല; ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടമക്ക് പിഴ !
മലപ്പുറം: പൊല്യൂഷൻ അണ്ടർ കൺട്രോൾ (പിയുസി) സർട്ടിഫിക്കറ്റ് കൈവശമില്ലാത്തതിന് ഇലക്ട്രിക് സ്കൂട്ടർ ഉടമയ്ക്ക് കേരള ട്രാഫിക് പൊലീസ് പിഴ ചുമത്തി. മലപ്പുറം ജില്ലയിലെ നീലഞ്ചേരിയിലാണ് സംഭവം. വാഹനത്തിന്‍റെ ചിത്രങ്ങളും ട്രാഫിക് പോലീസ് നൽകിയ ഇ-ചലാനും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലാകുകയാണ്.
സെപ്റ്റംബർ 6 (ചൊവ്വാഴ്ച) നാണ് പിഴ ചുമത്തിയതെന്ന് ചലാനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 250 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. 1988ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 213(5)(ഇ) പ്രകാരമാണ് നടപടി. സംഭവം വൈറലായതോടെ ഇക്കാര്യം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ ടാഗ് ചെയ്ത് ശ്രദ്ധയിൽപ്പെടുത്താനുള്ള ശ്രമത്തിലാണ് ചിലർ.
ഏഥർ 450 എക്സ് എന്ന ഇലക്ട്രിക് സ്കൂട്ടറിനാണ് പിഴ ചുമത്തിയിരിക്കുന്നത്. 2018 ലാണ് ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി ആദ്യമായി ആഥർ പുറത്തിറക്കിയത്. ഇതാദ്യമായല്ല ഇത്തരമൊരു വിചിത്രമായ നടപടി കേരള ട്രാഫിക് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.