വീട് നഷ്ട്ടപെട്ടയാൾക്ക് ദുരിതാശ്വാസത്തുക നൽകിയില്ല; ഡപ്യൂട്ടി കലക്ടറുടെ വാഹനം കോടതി ജപ്തി ചെയ്തു
കൊച്ചി: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടയാൾക്ക് അനുവദിച്ച ദുരിതാശ്വാസ തുക നൽകാത്തതിനെ തുടർന്ന് മുൻസിഫ് കോടതി ജപ്തി നടപടികൾ സ്വീകരിച്ചു. എറണാകുളം ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദുമോളുടെ ഔദ്യോഗിക വാഹനം കോടതി കണ്ടുകെട്ടി. മൂന്നാം തീയതി ജപ്തി ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും വാഹനം കണ്ടെത്താൻ കഴിയാത്തതിനാൽ ജപ്തി നടത്താനായില്ല. പല തവണ അന്വേഷിച്ച് ഓഫീസിൽ പോയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ദിവസം അമീൻ എത്തിയപ്പോൾ വാഹനം സ്ഥലത്തുണ്ടായിരുന്നു. ഇതോടെ നോട്ടിസ് പതിപ്പിച്ച് കോപ്പി ഔദ്യോഗികമായി കൈമാറുകയായിരുന്നു.
കടമക്കുടി സ്വദേശി കൊടുവേലിപ്പറമ്പിൽ കെ.പി സാജുവിന്‍റെ പരാതിയിലാണ് നടപടി. കഴിഞ്ഞ പ്രളയത്തിൽ സാജുവിന്‍റെ വീട് തകർന്ന് വാസയോഗ്യമല്ലാതായി. ഉദ്യോഗസ്ഥർ എത്തി നാശനഷ്ടങ്ങൾ വിലയിരുത്തി മടങ്ങിയെങ്കിലും കാര്യമായ സാമ്പത്തിക സഹായമൊന്നും ലഭിച്ചില്ല. ആദ്യ ഗഡുവായി 10,000 രൂപ നൽകിയെങ്കിലും കൂടുതൽ തുക നൽകാൻ ദുരന്തനിവാരണ വകുപ്പ് തയ്യാറായില്ല. അതേസമയം, കഴിഞ്ഞ വർഷം കലൂരിൽ നടന്ന അദാലത്തിൽ നൽകിയ പരാതിയിൽ 2,10,000 രൂപ നൽകാനായിരുന്നു ഉത്തരവ്. ഉത്തരവ് ഉദ്യോഗസ്ഥർക്ക് കൈമാറിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് സാജു മുൻസിഫ് കോടതിയിൽ ഹർജി നൽകിയത്.
പണം നൽകാത്തതിനെക്കുറിച്ചുള്ള കോടതിയുടെ ചോദ്യത്തിന് പണമില്ലെന്നും ഫയൽ ഒപ്പിട്ടു ലഭിച്ചില്ലെന്നുമുള്ള വാദമാണ് ഡെപ്യൂട്ടി കളക്ടർ പറഞ്ഞത്. മറുപടി തൃപ്തികരമല്ലെന്ന് കണ്ട കോടതി അതോറിറ്റിയുടെ ഔദ്യോഗിക വാഹനം കണ്ടുകെട്ടാൻ ഉത്തരവിടുകയായിരുന്നു. ഉത്തരവ് കളക്ടർക്ക് കൈമാറി. കോടതി നിർദേശിക്കുമ്പോൾ വാഹനം ഹാജരാക്കണം. അതോറിറ്റി ഇതിനകം തന്നെ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ, നിയമങ്ങളും ചട്ടങ്ങളും പാലിച്ച് ലേലം നടത്താൻ കോടതിക്ക് അവകാശമുണ്ട്.