കയ്യൊപ്പില്ല; ബോബ് ഡിലന്റെ പുസ്തകം പ്രസാധകര്‍ റീഫണ്ടോടെ തിരിച്ചെടുത്തു

ബോബ് ഡിലന്‍റെ ഏറ്റവും പുതിയ പുസ്തകം പ്രസാധകർ വായനക്കാരിൽ നിന്ന് റീഫണ്ടോടെ തിരിച്ചെടുത്തു. അമേരിക്കൻ ഗായകനും ഗാനരചയിതാവും നൊബേൽ സമ്മാന ജേതാവുമായ ബോബ് ഡിലന്‍റെ പുസ്തകത്തിൽ പ്രസാധകർ വാഗ്ദാനം ചെയ്ത രചയിതാവിന്‍റെ ഒപ്പ് ഇല്ലെന്ന ആരോപണത്തെ തുടർന്നാണ് തിരിച്ചെടുത്തത്. പ്രസാധകരായ സൈമൺ & ഷൂസ്റ്റർ 600 ഡോളർ തിരികെ നൽകിയാണ് വായനക്കാരിൽ നിന്ന് പുസ്തകം തിരികെ വാങ്ങിയത്.

‘ദി ഫിലോസഫി ഓഫ് മോഡേൺ സോങ്’ എന്ന പുസ്തകം ഒപ്പിനെച്ചൊല്ലി വിവാദത്തിൽ അകപ്പെട്ടിരുന്നു. പുസ്തകം മുൻകൂട്ടി ഓർഡർ ചെയ്തവർക്ക് രചയിതാവിന്‍റെ ഒപ്പോട് കൂടിയ ഒരു പുസ്തകം എന്ന വാഗ്ദാനത്തിന് പകരം, പ്രസാധകർ ഓരോ പുസ്തകത്തിലും ബോബ് ഡിലന്‍റെ ഒപ്പിന്‍റെ ഒരു പകർപ്പ് ചേർത്ത് ആവശ്യക്കാർക്ക് അയച്ചുകൊടുത്തു. പുസ്തകം ലഭിച്ചവർ തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന് അവകാശപ്പെട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കിടാൻ തുടങ്ങി.

ഗ്രന്ഥകാരന്‍റെ ഒപ്പിന്‍റെ പകർപ്പ് ആവശ്യമില്ലെന്നും അദ്ദേഹത്തിന്‍റെ ഒപ്പ് മാത്രമാണ് വേണ്ടതെന്നും വിശദീകരിച്ചു. ഇതോടെ പ്രസാധകർ പണം തിരികെ നൽകി പുസ്തകം തിരിച്ചെടുക്കാൻ നിർബന്ധിതരായി.