സ്പീഡ് ഗവേർണറില്ല; കെഎസ്ആര്ടിസിയടക്കം 5 ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി എംവിഡി
തൃശ്ശൂർ: വേഗപ്പൂട്ട് ഘടിപ്പിക്കാതെ സർവീസ് നടത്തിയ കെഎസ്ആർടിസി ഉൾപ്പെടെ അഞ്ച് ബസുകളുടെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. ഇതേ തുടർന്ന് യാത്രക്കാർ കുടുങ്ങിയതായും പരാതിയുണ്ട്. ചൊവ്വാഴ്ച രാവിലെ മുതൽ കൊഴിഞ്ഞാമ്പാറയിൽ നടത്തിയ പരിശോധനയിലാണ് രണ്ട് കെഎസ്ആർടിസി ബസിലും മൂന്ന് സ്വകാര്യ ബസുകളിലും വേഗപ്പൂട്ടില്ലെന്ന് കണ്ടെത്തിയത്.
തൃശ്ശൂർ ഡിപ്പോയിൽ നിന്ന് തൃശ്ശൂർ-കോയമ്പത്തൂർ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് കോയമ്പത്തൂരിൽ നിന്ന് തൃശൂരിലേക്ക് പോവുന്നതിനിടെയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്. വേഗപ്പൂട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിന്റെ ഫിറ്റ്നസും റദ്ദാക്കിയിട്ടുണ്ട്.
യാത്രക്കാർക്ക് അസൗകര്യമുണ്ടാകാതിരിക്കാൻ മറ്റൊരു ബസ് സൗകര്യം ഒരുക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ നിർദേശം നൽകിയിരുന്നു. അതേസമയം, പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്കുള്ള യാത്രക്കാരെ പാതിവഴിയിൽ ഇറക്കിവിട്ട ശേഷം പാലക്കാട് ഡിപ്പോയിലേക്ക് മടങ്ങുകയായിരുന്നു ബസ്. യാത്രക്കാർ മറ്റ് ബസുകളിൽ കയറി ലക്ഷ്യസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടു.