കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല

ഡൽഹി: കുഫോസ് വി.സി നിയമനം റദ്ദാക്കിയ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ മുൻ വി.സി കെ.റിജി ജോൺ നൽകിയ ഹർജി ഇന്ന് പരിഗണിച്ച സുപ്രീം കോടതി സ്റ്റേ അനുവദിച്ചില്ല. രണ്ടാഴ്ച്ചക്ക് ശേഷം കേസ് പരിഗണിക്കും. അപ്പിലീൽ കേസിലെ എല്ലാ കക്ഷികൾക്കും നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കേസ് തീർപ്പാകും വരെ ആക്ടിംഗ് വിസിയെ ചാൻസലറാണ് നിയമിക്കുക. ഈ കാലയളവിൽ എന്ത് നിയമനം നടന്നാലും അത് സുപ്രിം കോടതിയുടെ അന്തിമ വിധി അനുസരിച്ചാകുമെന്നും ചിഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് റിജി ജോണിന്‍റെ ഹർജി. കാർഷിക വിദ്യാഭ്യാസം സംസ്ഥാന പട്ടികയിൽ ഉൾപ്പെടുന്നതാണ്. യു.ജി.സി നിയമങ്ങൾ ബാധകമല്ല. എന്നാൽ ഹൈക്കോടതി ഇത് കണക്കിലെടുത്തില്ലെന്ന് ഹർജിയിൽ പറയുന്നു.

കുഫോസ് വിസി ഡോ. കെ റിജി ജോണിൻ്റെ നിയമനം റദ്ദാക്കിയത് ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ്. റിജി ജോണിന്‍റെ നിയമനം യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ഹൈക്കോടതി വിധിച്ചത്. യു.ജി.സി ചട്ടങ്ങൾ പാലിച്ച് പുതിയ വി.സിയെ നിയമിക്കണമെന്നും ഹൈക്കോടതി വിധിയിൽ പറഞ്ഞിരുന്നു.