സതീശന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ അതിശയമില്ല; പി ജയരാജന്‍

ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിൽ അത്ഭുതപ്പെടാനില്ലെന്ന് സിപിഐ(എം) നേതാവ് പി ജയരാജൻ. കോൺഗ്രസിന്റെ ദീർഘകാലമായുള്ള സമീപനത്തിന്‍റെ ഭാഗമാണിത്. കെ സുധാകരൻ ചുമതലയേറ്റതോടെ കേരളത്തിലെ വർഗീയ സംഘടനകളോട് കോൺഗ്രസിന്‍റെ മൃദുസമീപനം വർദ്ധിച്ചുവെന്നും ജയരാജൻ ഡൽഹിയിൽ പറഞ്ഞു.

അതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മറ്റൊരു ആരോപണവുമായി ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു രംഗത്തെത്തി. വിഡി സതീശൻ ആർഎസ്എസിനോട് വോട്ട് ചോദിച്ചെന്നാണ് ആരോപണം. 2001 ലും 2006 ലും സതീശൻ ആർഎസ്എസ് നേതാവിനെ രഹസ്യമായി കണ്ടിരുന്നു.

പറവൂരിലെ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തില്ലെന്ന് സതീശൻ നുണ പറയുകയാണ്. സതീശൻ സാമാന്യ ബുദ്ധിയെ കളിയാക്കുന്നു. തന്‍റെ മോശം പശ്ചാത്തലം എന്താണെന്ന് സതീശൻ പറയണമെന്നും ആർ.വി.ബാബു ആവശ്യപ്പെട്ടു.