സ്വർണക്കടത്ത് സബ്മിഷനെച്ചൊല്ലി നിയമസഭയിൽ ബഹളം
തിരുവനന്തപുരം: സ്വർണക്കടത്ത് സബ്മിഷനെച്ചൊല്ലി നിയമസഭയിൽ ബഹളം. മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന മുദ്രാവാക്യമാണ് പ്രതിപക്ഷം ഉയർത്തിയത്. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സഭ ബഹിഷ്കരിച്ചു. സ്വർണക്കടത്ത് കേസിലെ തുടർ വിചാരണ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേരളത്തിന് പുറത്തേക്ക് മാറ്റിയത് അട്ടിമറിക്കാനാണോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു.
വി ഡി സതീശനാണ് സബ്മിഷനുമായി രംഗത്തെത്തിയത്. കേസിൽ സംസ്ഥാന സർക്കാരിന് നിരപരാധിത്വം തെളിയിക്കണമെങ്കിൽ അന്വേഷണം ഇ.ഡിയിൽ നിന്ന് മാറ്റണമെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന് ഇതിന് ഉത്തരവിടാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ വരെ ഇ.ഡിക്കൊപ്പമായിരുന്ന പ്രതിപക്ഷ നേതാവ് നിലപാട് മാറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിബിഐയ്ക്കും കേന്ദ്ര ഏജൻസികളുടേതായ പരിമിതികളുണ്ട്. എനിക്ക് ഇതിൽ ഇടപെടാൻ കഴിയില്ല. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ മാറ്റമുണ്ടാകണമെങ്കിൽ തീരുമാനിക്കേണ്ടത് കേന്ദ്ര ഏജൻസികളാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂട്ടിലടച്ച തത്തയാണ് സി.ബി.ഐയെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.