സോണിയ ഗാന്ധിയുടെ പരാമർശത്തിൽ രാജ്യസഭയില്‍ ബഹളം; വിമർശിച്ച് ഉപരാഷ്ട്രപതി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്തുകയാണെന്ന സോണിയാ ഗാന്ധിയുടെ പരാമർശത്തിൽ രാജ്യസഭയിൽ ബഹളം. പരാമര്‍ശം ശരിയായില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ പറഞ്ഞു. പരാമർശം അനവസരത്തിലുള്ളതും ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്ന് ധ്വനിപ്പിക്കുന്നതുമായിരുന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

എന്നാൽ, സഭയ്ക്ക് പുറത്ത് നടത്തിയ പ്രസ്താവന ചർച്ച ചെയ്യേണ്ടെന്ന് കോൺഗ്രസ് പറഞ്ഞു. പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് സോണിയാ ഗാന്ധി പരാമര്‍ശം നടത്തിയത്.

അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം ചർച്ച ചെയ്യണമെന്ന ആവശ്യത്തിന്റെ പേരിലും കേന്ദ്രസര്‍വകലാശാലകളിലും ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങളിലും ഹിന്ദി അധ്യയന മാധ്യമമാക്കാനുള്ള നീക്കത്തെച്ചൊല്ലിയും രാജ്യസഭയിൽ ബഹളമുണ്ടായി. രാജ്യസഭയും ലോക്സഭയും നിശ്ചയിച്ചതിലും ഒരാഴ്ച മുൻപ് പിരിഞ്ഞു.