പത്താം ക്ലാസ് പരീക്ഷയെഴുതിയ ഒരാളും ജയിച്ചില്ല; ഒടുവിൽ പൂട്ടാൻ തീരുമാനം
ഗുവാഹത്തി: മാർച്ചിൽ നടന്ന പത്താം ക്ലാസ് സംസ്ഥാന ബോർഡ് പരീക്ഷയിലെ വൻ പരാജയത്തെ തുടർന്ന് അസമിലെ 34 സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടാൻ ഒരുങ്ങുകയാണ്. പരീക്ഷയെഴുതിയ 1,000 വിദ്യാർത്ഥികളിൽ ഒരാൾ പോലും വിജയിച്ചില്ല. ഈ സാഹചര്യത്തിലാണ് സ്കൂളുകൾ അടച്ചുപൂട്ടാന്‍ സർക്കാർ തീരുമാനിച്ചത്.
വിജയശതമാനം ഇല്ലാത്ത സ്കൂളുകൾക്കായി നികുതിദായകരുടെ പണം ചെലവഴിക്കുന്നത് അർത്ഥശൂന്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി റനോജ് പെഗു പറഞ്ഞു. “സ്കൂളുകളുടെ പ്രാഥമിക കടമ വിദ്യാഭ്യാസം നൽകുക എന്നതാണ്. ഒരു സ്‌കൂളിന് അതിലെ വിദ്യാര്‍ഥികളെ പത്താം ക്ലാസ് പരീക്ഷയില്‍ വിജയിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഈ സ്‌കൂളുകള്‍ നിലനിര്‍ത്തുന്നതില്‍ അര്‍ഥമില്ലെന്ന് പെഗു പറഞ്ഞു. ഈ സ്‌കൂളുകള്‍ക്കായി പൊതു പണം ചെലവഴിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും” അദ്ദേഹം പറഞ്ഞു.
ഈ സ്കൂളുകളെ അടുത്തുള്ള സ്കൂളുകളുമായി ലയിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അഞ്ച് വർഷത്തെ കാലയളവ് കണക്കിലെടുക്കുമ്പോൾ, ഈ വർഷം അസമിലെ പത്താം ക്ലാസ് പരീക്ഷകളുടെ ഫലങ്ങൾ നിരാശാജനകമാണ്. പരീക്ഷയെഴുതിയ 4 ലക്ഷം ഉദ്യോഗാർത്ഥികളിൽ 56.49 ശതമാനമാണ് വിജയശതമാനം. 2018ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 68 സ്കൂളുകളിൽ വിജയശതമാനം 10 ശതമാനത്തിൽ താഴെയാണ്.