ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയിൽ ഉത്തര കൊറിയയുടെ യുദ്ധ വിമാനവും മിസൈല്‍ പരീക്ഷണവും

ഉത്തര കൊറിയ വീണ്ടും പ്രകോപനവുമായി രംഗത്ത്. ദക്ഷിണ കൊറിയൻ അതിർത്തിയിലേക്ക് യുദ്ധവിമാനങ്ങളും കിഴക്കൻ തീരത്തേക്ക് ബാലിസ്റ്റിക് മിസൈലുകളും ഉത്തരകൊറിയ അടുത്തിടെ നടത്തിയ ആയുധാഭ്യാസത്തിന് പിന്നാലെ അയച്ചിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെയാണ് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയൻ സംയുക്ത സേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. ഉത്തരകൊറിയയാണ് മിസൈൽ വിക്ഷേപിച്ചതെന്ന് ജപ്പാൻ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രാലയവും ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.

ഉത്തരകൊറിയ അടുത്തിടെ നടത്തിയ മിസൈൽ അഭ്യാസങ്ങളിൽ ഏറ്റവും പുതിയതാണ് ഇത്. ദീർഘദൂര ക്രൂയിസ് മിസൈലുകളുടെ പരിശീലനത്തിന് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ നേരിട്ട് മേൽനോട്ടം വഹിച്ചതായി പ്യോങ്യാങ് വിശദമാക്കുന്നു. ന്യൂക്ലിയർ ആക്രമണ ശേഷി വികസിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് പുതിയ പരീക്ഷണങ്ങൾ എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ജപ്പാനിലുടനീളം ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയിരുന്നു.

ആണവായുധം വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈലാണ് ഉത്തരകൊറിയ വിക്ഷേപിച്ചത്. മിസൈൽ കടലിൽ പതിച്ചെങ്കിലും സംഭവം ജപ്പാനിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. വടക്കൻ ജപ്പാനിൽ ട്രെയിൻ സർവീസ് താൽക്കാലികമായി നിർത്തിവയ്ക്കുകയും നിരവധി പേരെ ഒഴിപ്പിക്കുകയും ഭൂഗർഭ അറകളിലേക്ക് മാറ്റുകയും ചെയ്തു. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി നടത്തിയ നാവിക പരിശീലനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തരകൊറിയയുടെ ഇപ്പോഴത്തെ മിസൈൽ പരീക്ഷണം.