‘എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ കെഎസ്ആര്‍ടിസിയുടെ ഒരു ഡിപ്പോ പോലും പൂട്ടില്ല’; ആന്റണി രാജു

തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലിരിക്കുന്നിടത്തോളം കാലം സംസ്ഥാനത്തെ ഒരു ബസ് ഡിപ്പോയും പൂട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കേരളത്തിലെ ഡിപ്പോകളോ ഓപ്പറേറ്റിംഗ് സെന്‍ററുകളോ അടച്ചിടില്ലെന്നും എന്നാൽ ചില ഉദ്യോഗസ്ഥരുടെ ഓഫീസ് ക്രമീകരണങ്ങളിൽ മാറ്റം വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കും. ഇതിന്‍റെ അടിസ്ഥാനത്തിൽ ഓരോ ഡിപ്പോയിലെയും ഓഫീസ് സംവിധാനത്തിലെ ഉദ്യോഗസ്ഥരുടെ ക്രമീകരണത്തിൽ മാറ്റം വരുത്തും.

നിലവിൽ 98 ജില്ലാ അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളാണ് ജില്ലയിലുള്ളത്. ഇത് ഒരു അധിക ചെലവാണ്. അതിനാൽ, റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഓരോ ജില്ലയിലും ഓരോ ജില്ലാ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് സ്ഥാപിക്കാൻ തീരുമാനിച്ചു. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് രണ്ട് ഓഫീസ് സൗകര്യമുണ്ടാകും. 18 മുതൽ 98 ഓഫീസുകൾ പതിനഞ്ചായി ചുരുങ്ങും. ഇതുമൂലം പൊതുജനങ്ങൾക്കോ ഡിപ്പോയിലെ പ്രവർത്തനങ്ങൾക്കോ തടസം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ആര്യനാട് കെ.എസ്.ആർ.ടി.സി റസ്റ്റ് ഹൗസിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.