‘ബിഹാറിൽ മഹാസഖ്യ സർക്കാരിന്റെ ഭാഗമാകാനില്ല’

ന്യൂഡൽഹി: ബിഹാറിലെ മഹാസഖ്യ സർക്കാരിന്റെ ഭാഗമാകില്ലെന്നും പുറത്തുനിന്ന് പിന്തുണ നൽകുമെന്നും സി.പി.ഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. യെച്ചൂരിയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായി കൂടിക്കാഴ്ച നടത്തി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ 2024 ൽ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമോ എന്ന് പറയാൻ സമയമായിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.

ബിഹാറിൽ പ്രതീക്ഷ നൽകുന്ന മാറ്റമാണ് ഉണ്ടായതെന്ന് ഡി. രാജ പ്രതികരിച്ചു. തേജസ്വിക്കൊപ്പമുള്ള ചിത്രവും വീഡിയോയും യെച്ചൂരി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. തേജസ്വിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മതേതര മഹാസഖ്യ സർക്കാർ രൂപീകരിക്കുന്നതിനെ അഭിവാദ്യം ചെയ്യുന്നുവെന്നും യെച്ചൂരി പറഞ്ഞു.